കൂടത്തായി: ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ട് പേരെന്ന് അന്വേഷണസംഘം

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ക്കായി ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ട് പേര്‍ എന്ന് കണ്ടെത്തല്‍. പ്രജി കുമാറിന് പുറമേ മറ്റൊരാള്‍ മുഖേനയും മാത്യു സയനൈഡ് ജോളിക്ക് കൈമാറിയെന്നും അന്വേഷണസംഘം വ്യക്തമാക്കി. എന്നാല്‍ രണ്ടാമത്തെ വ്യക്തി മരണപ്പെട്ടതിനാല്‍ അന്വേഷണം ഉണ്ടാകില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.

കൂട്ടക്കൊലകള്‍ക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്കു കൈമാറിയതു പൊന്നാമറ്റം വീട്ടില്‍വച്ചായിരുന്നു. പൊന്നാമറ്റത്തെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തുന്നതിനിടെയാണു ജോളിയും മാത്യുവും ഇക്കാര്യം പോലീസിനോടു സ്ഥിരീകരിച്ചത്. ആദ്യ മൂന്നു കൊലപാതകങ്ങളും നടന്നത് ഈ വീട്ടിലാണ്.

മാത്യൂ രണ്ടു കുപ്പികളില്‍ രണ്ടുതവണയായാണു സയനൈഡ് നല്‍കിയത്. ഇതില്‍ ഒരു കുപ്പി ഉപയോഗിച്ചു, ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്നു ജോളി പോലീസിനോടു പറഞ്ഞത്. ജോളിക്ക് സയനൈഡ് കൈമാറിയതു മാത്യുവാണെന്ന് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

പൊന്നാമറ്റത്തെ തെളിവെടുപ്പിനിടെ പോലീസ് രണ്ടു കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കീടനാശിനിയുടെ കുപ്പികളാണെന്നാണു വിവരം. ഈ കുപ്പികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്തു നിന്നും ഒരു കുപ്പി കിടപ്പുമുറിയില്‍ നിന്നുമാണു കണ്ടെത്തിയത്.

Top