കൂടത്തായി വീണ്ടും വഴിത്തിരിവിലേക്ക്; മറ്റൊരു മരണത്തിലും ജോളിയുടെ കറുത്ത കരങ്ങൾ ?

തിരുവനന്തപുരം: കൂടത്തായി കേസ് കൂടുതല്‍ വഴിത്തിരിവുകളിലേക്ക്. കേസിലെ മുഖ്യപ്രതിയായ ജോളി മറ്റ് കൊലപാതകങ്ങളും നടത്തിയിരുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍ഐടിക്കടുത്ത് മണ്ണിലേത് വീട്ടില്‍ രാമകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ഇപ്പോള്‍ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ജോളിയും സുഹൃത്തും നടത്തിയിരുന്നു ബ്യൂട്ടി പാര്‍ലറുമായി രാമകൃഷ്ണന് ബന്ധമുണ്ടായിരുന്നു. തന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്ന 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തു എന്നാണ് രാമകൃഷ്ണന്റ മകന്‍ രോഹിത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം കേസില്‍ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും താമരശ്ശേരി മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാറേയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ഭൂമിയിടപാടില്‍ ജോളിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണത്തിലാണ് മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ജോളി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.പയ്യോളിയിലെ ഡിവൈ.എസ്.പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യല്‍ തുടരുകയാണെങ്കിലും സഹായം നല്‍കിയ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരുകള്‍ പറയാന്‍ ജോളി തയ്യാറായിട്ടില്ല. ഷാജുവിനെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. ജോളിയുടെ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി നേരത്തെ പോലീസ് ഒരു പട്ടിക തയ്യാറാക്കിയിരുന്നു.

കൊലപാതകങ്ങള്‍ക്കായി സയനൈഡിന് പുറമെ വേറെവിഷ വസ്തുക്കളും താന്‍ ഉപയോഗിച്ചിരുന്നതായി ജോളി മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏതെല്ലാം വിഷ വസ്തുക്കളാണ് ഇവര്‍ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.2011ല്‍ റോയ് തോമസിന്റെ മരണം അന്വേഷിച്ച കോടഞ്ചേരി എസ്.ഐ രാമുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമുണ്ണിയായിരുന്നു.

അതിനിടെ, കല്ലറ തുറന്ന് ശേഖരിച്ച മൃതദേഹ ഭാഗങ്ങളുടെ പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്പി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് കത്തയച്ചു.ജോളിയുള്‍പ്പടെ അറസ്റ്റിലായ മൂന്ന് പേരെയും പതിനാല് ദിവസത്തേയ്ക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ഇതിനോടൊപ്പം തന്നെ കേസുമായി ബന്ധമുള്ള കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Top