കോന്നിയിലെ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു; ചുവപ്പുകൊടി പാറിച്ച് കെ.യു ജനീഷ്

കോന്നി: കോന്നി മണ്ഡലത്തില്‍ ഇടുപക്ഷ സ്ഥാനാര്‍ത്ഥി കെ.യു.ജനീഷ്‌കുമാര്‍ വിജയിച്ചു.9537 ഭൂരിപക്ഷം നേടിയാണ് യു.ജനീഷ്‌കുമാറിന്റെ വിജയം.

ഇതോടെ, 1996 മുതല്‍ യുഡിഎഫ് കോട്ടയായി കൊണ്ടുനടന്നിരുന്ന കോന്നി അവരുടെ കൈകളില്‍ നിന്നും വഴുതി പോയിരിക്കുകയാണ്.യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. അതേസമയം എല്‍ഡിഎഫ് ലീഡ് പ്രതീക്ഷിച്ച ബൂത്തുകളില്‍ പ്രതീക്ഷയ്ക്കപ്പുറം വലിയ ലീഡ് തന്നെ അവര്‍ക്ക് പിടിക്കാന്‍ സാധിക്കുകയും ചെയ്തു.

താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററെ മത്സരിപ്പിക്കാതെ മുന്‍ഡിസിസി അധ്യക്ഷനായ മോഹന്‍രാജിനെ കോന്നിയില്‍ ഇറക്കിയതില്‍ അടൂര്‍ പ്രകാശും അനുയായികളും കാണിച്ച അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് തന്നെയാണ് ഡിസിസി നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. അടൂര്‍ പ്രകാശ് കാലുവാരിയെന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയ ബാബു ജോര്‍ജ് പ്രതികരിക്കുകയും ചെയ്തു.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി എന്‍എസ്എസ് ശക്തമായ ഇടപെട്ട മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും കോന്നിയും. എങ്കിലും ഇതൊന്നും യുഡിഎഫിനെ രക്ഷിച്ചില്ല. ഈ സീറ്റുകളില്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയം എന്‍എസ്എസിനും കടുത്ത അടിയായി മാറും. ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും സജീവമായി ചര്‍ച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കോന്നി. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പില്‍ നിര്‍ണായകവിജയം നേടാനായത് എല്‍ഡിഎഫിന് ആശ്വാസവും ആത്മവിശ്വാസവും നല്‍കും.

Top