തോല്‍വിയില്‍ ഖേദമുണ്ട്; ഡി.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റി: അടൂര്‍ പ്രകാശ്

തിരുനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തിന് പിന്നാലെ പത്തനംതിട്ട ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടെന്ന് ആരോപിച്ച് അടൂര്‍ പ്രകാശ് എം.പി.പ്രചരണരംഗത്തും അല്ലാതെയും ഡി.സി.സിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടെന്ന് അടൂര്‍ പ്രകാശിന്റെ ആരോപണം.

മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണ്ണമായി അംഗീകരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഡി.സി.സി നേതൃത്വം ചെയ്ത തെറ്റായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനെ മോശമായി ബാധിച്ചു. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ആവര്‍ത്തിക്കും. അഭിപ്രായങ്ങള്‍ പാര്‍ട്ടി തലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ കോന്നിയിലെ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായി. പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. പരാജയപ്പെട്ടതില്‍ ഖേദമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന പേരില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് ജാതിയോ മതമോ നോക്കാതെ ഒരാളുടെ പേര് പറഞ്ഞത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചക്ക് ശേഷം കോന്നിയില്‍ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിയില്‍ വലിയ ഖേദമുണ്ട്. ഡിസിസിക്കാണ് പ്രചാരണത്തിന്റേയും മറ്റും പൂര്‍ണ്ണ ചുമതലയുണ്ടായിരുന്നത്. അവരുടെ പ്രചാരണം ജനങ്ങളിലെത്തിയിട്ടുണ്ടാകില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Top