ഷൂട്ടിംഗ് ലോകത്ത് വീണ്ടും ആത്മഹത്യ; കൊണിക ലായക് ജീവനൊടുക്കി

കൊല്‍ക്കത്ത: ഇന്ത്യയുടെ ഷൂട്ടിങ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. യുവതാരം ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ചത് ഒരാഴ്ച്ച പിന്നിടും മുമ്പെ ജാര്‍ഖണ്ഡില്‍ നിന്നുള്ള താരം കൊണിക ലായകും  ജീവനൊടുക്കി. 26-കാരിയായ കൊണിക കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക.

ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ ഇടം നേടിയത്. റൈഫിള്‍ ഇല്ലാതത്തിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ഇതോടെ സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു.

ഒളിമ്പ്യന്‍ ഷൂട്ടിങ് താരമായ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തില്‍ നാല് സ്വര്‍ണം നേടിയ താരമാണ് കൊണിക.

താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 13-ന് ചിത്തരഞ്ജനിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് പോയിരുന്നു. ജനുവരി 14-നാണ് തിരിച്ച് ഹോസ്റ്റലിലെത്തിയത്.

കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും ഹുനര്‍ദീപ് സിങ്ങും നമന്‍വീര്‍ സിങ്ങ് ബ്രാറും ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നുള്ള 17-കാരിയായ ഖുഷ് സീറത് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. ഒക്ടോബറില്‍ നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

Top