ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൊമാകി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനി

വശ്യക്കാര്‍ കൂടിയ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി. വര്‍ദ്ധിച്ചു വരുന്ന ആവശ്യം പരിഹരിക്കാനാണ് കമ്പനിയുടെ ഈ നീക്കം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ അതിവേഗം രാജ്യത്ത് വളര്‍ന്നുവരുന്ന ഒരു സ്റ്റാര്‍ട്ട്പ്പ് കമ്പനി കൂടിയാണ് കൊമാക്കി. കൊമാക്കി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നഗരവാസികള്‍ക്കും ബജറ്റ് ഉപഭോക്താക്കള്‍ക്കും ഇടയിലാണ് ജനപ്രിയമാകുന്നത്. ബ്രാന്‍ഡ് ഇതിനകം ഇന്ത്യന്‍ വിപണിയില്‍ നിരവധി ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം നിരവധി മോഡലുകളെ കൂടി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ഈ ശ്രേണിയില്‍ മികച്ച ജനപ്രീതി നേടാനും ബ്രാന്‍ഡ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമീപകാല വില്‍പ്പന വളര്‍ച്ചാ കണക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്!ചവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഹനങ്ങളുടെ ഒരു നിര തന്നെയുണ്ട് കൊമാക്കിയ്ക്ക്. 2021 ല്‍, കൊമാക്കി ഇതിനകം 21,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡീലര്‍ഷിപ്പ് എണ്ണം 500 ആയി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. നേരത്തെ 4,000 യൂണിറ്റായിരുന്നു പ്രതിമാസ ഉത്പാദമെങ്കില്‍ ഇപ്പോഴത് 8,500 യൂണിറ്റ് വരെ വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

അടുത്തിടെ കൊമാക്കി പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിഗണിച്ചുകൊണ്ട് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. എക്‌സ്ജിടിഎക്‌സ്5 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിആര്‍എല്‍എ ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമായിരിക്കും സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

Top