തീ പിടുത്തത്തെ തടയാന്‍ ഫയര്‍ പ്രൂഫ് ബാറ്ററികള്‍ പുറത്തിറക്കാനൊരുങ്ങി കൊമാകി

2022 ജനുവരിയില്‍ റേഞ്ചര്‍, വെനീസ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും കഴിഞ്ഞ മാസം DT 3000-ഉം പുറത്തിറക്കിയ ഡല്‍ഹി ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് കൊമാകി. കമ്പനി അഗ്‌നി പ്രതിരോധ ബാറ്ററികള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഫയര്‍ പ്രൂഫ് ബാറ്ററികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കൊമാക്കി പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞങ്ങള്‍ ഫയര്‍ പ്രൂഫ് ബാറ്ററികള്‍ക്കായി പേറ്റന്റ് ഏറ്റെടുക്കുന്ന പ്രക്രിയയിലാണ്.. ‘ കൊമാകിയിലെ ഓപ്പറേഷന്‍സ് ഹെഡ് സുഭാഷ് ശര്‍മ്മ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്ത്, ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫയര്‍ പ്രൂഫ് ബാറ്ററികള്‍ക്ക് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും എന്നും കമ്പനി പറയുന്നു.

Top