നാട്ടുവൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച് അസുഖം ബാധിച്ചു; പരാതിയുമായി നാട്ടുകാര്‍

കൊല്ലം:നാട്ടുവൈദ്യന്‍ നല്‍കിയ മരുന്നുകഴിച്ച് നാലുവയസുകാരനുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് അസുഖം ബാധിച്ചു. തെലങ്കാന സ്വദേശി ലക്ഷ്മണ്‍രാജിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ നല്‍കിയ മരുന്നില്‍ അളവില്‍ കൂടുതല്‍ മെര്‍ക്കുറിയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

ഏരൂര്‍ പത്തടി സ്വദേശിയായ ഉബൈദിന്റെ മകന്റെ ശരീരത്തിലെ കരപ്പന്‍ മാറുമെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷ്മണ്‍രാജ് മരുന്ന് നല്‍കിയത്. തുടര്‍ന്ന് കുട്ടിക്ക് പനിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടി തിരുവനന്തപുരത്തെ ശിശുരോഗാശുപത്രിയില്‍ പത്തുദിവസമാണ് വെന്റിലേറ്ററില്‍ കിടന്നത്. പ്രദേശത്തെ നിരവധിയാളുകള്‍ ഇയാള്‍ നല്‍കിയ മരുന്ന് കഴിച്ചിരുന്നു.

5000 മുതല്‍ 20000 രൂപവരെ ഇയാള് നാട്ടുകാരില്‍ നിന്ന് വാങ്ങിയെന്നും പരാതിയുണ്ട്. അനുവദനീയമായതിലും 20 ഇരട്ടിയിലധികം മെര്‍ക്കുറി മരുന്നുകളില്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. പരാതിയില്‍ ലക്ഷ്മണ്‍രാജിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top