കുണ്ടറയിലെ വീട്ടമ്മയുടെ ദുരൂഹമരണം; നാളെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നു നാളെ പുറത്തെടുക്കും. ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്ന അമ്മയുടെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. കഴിഞ്ഞ ജൂലൈ 29നാണ് കുണ്ടറ വെള്ളിമണ്‍ സ്വദേശിനായ ഷീല മരിച്ചത്.

അന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഷീലയെ ആദ്യം കുണ്ടറയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ഷീലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് സിംസണും ബന്ധുക്കളും സമ്മതിച്ചിരുന്നില്ല.

തുടര്‍ന്ന്ഷീലയുടെ അമ്മ കൊല്ലം റൂറല്‍ സ്പി ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. പരാതിക്കാരില്‍ നിന്നും മരിച്ച ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്തംഗത്തില്‍ നിന്നും ഉള്‍പ്പെടെ മൊഴിയെടുത്തു. തുടര്‍ന്നാണ് നാന്തിരിക്കല്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നു ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പോസ്റ്റമോര്‍ട്ടത്തിന് ശേഷമേ തുടരന്വേഷണം ആരംഭിക്കൂ.

Top