ജയില്‍ സുഹൃത്തുക്കള്‍,പിന്നീട് ഒന്നിച്ച് മോഷണം;പ്രധാന ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

arrest

കൊല്ലം: ബൈക്ക് മോഷണത്തിലെ മുഖ്യപ്രതികള്‍ പത്തനാപുരത്ത് പിടിയില്‍. തിരുവനന്തപുരം പുളിയറക്കോണം സ്വദേശി റഷിന്‍ ,ആറ്റിങ്ങല്‍ ഇളമ്പത്തടം സ്വദേശി ശ്രീരാജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

അടിപിടി കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതികളാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് ആണ് പ്രതികള്‍ മോഷണം നടത്തിവന്നിരുന്നത്. സംഭവത്തില്‍ പത്തനാപുരം പാതിരിക്കല്‍ മണ്ണായിക്കോണം സ്വദേശി അഗിത്തിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് കൂട്ടാളികളായ ശ്രീരാജിനെയും റഷിനെയും പറ്റിയുളള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പത്തനാപുരം ചേലക്കേട് ഷാന്‍മന്‍സിലില്‍ ഗ്രേഡ് എസ് ഐ ആയ ഷാജഹാന്റെ വീടിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഈ മാസം പതിനാലാം തീയതി രാത്രിയില്‍ മോഷ്ടിച്ചിരുന്നു. കൂടാതെ ഒരു ജ്വല്ലറി ജീവനക്കാരന്റെ ബൈക്കും പത്തനാപുരത്ത് നിന്നും മോഷണം പോയിരുന്നു. രണ്ട് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസ് വാഹനങ്ങളില്‍ നിന്നും ഡീസലും ഊറ്റിയിട്ടുള്ളതായും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെയാണ് പ്രതികളായ മൂവര്‍ സംഘം സുഹ്യത്തുക്കളായത്. പിന്നീട് എല്ലാ മോഷണങ്ങളും ഇവര്‍ ഒരുമിച്ച് നടത്താന്‍ തുടങ്ങുകയായിരുന്നു.

Top