കൊല്ലം ടോള്‍ പിരിവ്; കേന്ദ്രം മര്യാദ കാണിച്ചില്ലെന്ന് മന്ത്രി ജി സുധാകരന്‍

കൊല്ലം: ടോള്‍ പിരിവ് തീരുമാന വിഷയത്തില്‍ കേന്ദ്രത്തിനെതിരെ മന്ത്രി ജി സുധാകരന്‍. ബൈപ്പാസില്‍ കളക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോള്‍ പിരിവ് തീരുമാനിച്ചതെന്ന് മന്ത്രി ആരോപിച്ചു. ഇക്കാര്യത്തില്‍ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് പകുതി തുക മുടക്കിയത്. ടോള്‍ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കേണ്ടതാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍ പിരിവ് നടത്തരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഇന്നലെയും ദേശീയ പാതാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പിരിവിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന നിലപാടിലായിരുന്നു എന്‍എച്ച്എഐ.

ഇന്നലെ രാത്രി വൈകി വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങാന്‍ പോകുന്ന കാര്യം എന്‍എച്ച്എഐ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ടോള്‍ പിരിവിനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയും കൂട്ടിയിട്ടുണ്ട്.

Top