ദേവനന്ദനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; നിര്‍ണായകമാകും പുതിയ റിപ്പോര്‍ട്ട്

കൊല്ലം: കൊല്ലത്ത് ആറ്റില്‍ വീണ് മരിച്ച ദേവനന്ദനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതശരീരം അഴുകി തുടങ്ങിയിരുന്നു. 18 മുതല്‍ 20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നും പോസ്റ്റുമാര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിനെ അറിയിച്ചു. വയറ്റില്‍ വെള്ളവും ചെളിയും കയറിയിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് തന്നെയാണ് സൂചിപ്പിച്ചിരുന്നത്. ഫോറന്‍സിക് സംഘം നാളെ ഉച്ചയോടെ ഇളവൂരിലെത്തി തെളിവുകള്‍ ശേഖരിക്കും.

ദേവനന്ദയുടെ മുങ്ങിമരണത്തില്‍ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കള്‍ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമായിരുന്നു. പൊലീസിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി. ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Top