കൊല്ലത്തെ സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാന്‍ കരാറെഴുതിയ സംഭവം; സിപിഐ യോഗം ഇന്ന്

CPI

കൊല്ലം : ജി.എസ്.ജയലാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാന്‍ കരാറെഴുതിയ സംഭവം ചര്‍ച്ച ചെയ്യാന്‍ സിപിഐ ഇന്ന് അടിയന്തര ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരും. യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. 2018 മേയ് 15നാണ് ആശുപത്രി വാങ്ങാന്‍ കരാര്‍ എഴുതിയത്.എന്നാൽ പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ ഇടപെടുന്നത് ഇപ്പോഴാണ്.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായും സംസ്ഥാന കൗണ്‍സില്‍ അംഗവും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗവുമായ എം.എസ്.താര, ജില്ലാ കൗണ്‍സില്‍ അംഗം കെ.ആര്‍.മോഹനന്‍പിള്ള തുടങ്ങിയവര്‍ ഡയറക്ടര്‍മാരായുമുള്ള സഹകരണ സംഘം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടും പാര്‍ട്ടിയുടെ അനുവാദം വാങ്ങിയില്ല എന്ന ഗുരുതരമായ ആരോപണമാകും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

നിലവില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ മറ്റൊരു സഹകരണ ആശുപത്രിയുള്ളപ്പോള്‍ അതു കൂടാതെ മറ്റൊരു ആശുപത്രി വിലയ്ക്കു വാങ്ങേണ്ടി വന്ന സാഹചര്യം എന്താണെന്ന് ചോദ്യം ചര്‍ച്ചയില്‍ ഉയരും. സ്വകാര്യ ആശുപത്രിയുടെ സ്ഥലത്തിനും കെട്ടിടത്തിനുമായി 11.5 കോടി രൂപയാണു സര്‍ക്കാര്‍ വില നിശ്ചയിച്ചത്. എന്നാല്‍, അതിന്റെ പകുതിയില്‍ താഴെ വിലയ്ക്ക് സംഘത്തിന് ആശുപത്രി വില്‍ക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം പാര്‍ട്ടിക്കകത്തു തന്നെയുണ്ട്.

അതേസമയം, ഇടപാടിലെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ വിജിലന്‍സിനു പരാതി നല്‍കി. ജയലാല്‍ പ്രസിഡന്റായി ആരംഭിച്ച സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി സംശയം ഉണ്ടെന്നും പരാതിയില്‍ പറയുന്നു.

Top