kollam police beat in Wireless; man in hospital

police

കൊല്ലം: ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ പൊലീസുകാരന്‍ വയര്‍ലെസ് സെറ്റുകൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച സന്തോഷ് ഫെലിക്‌സിന്റെ നില ഗുരുതരമായി തുടരുന്നു

യാത്രക്കാരനെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ല. ഗുരുതര പരിക്കേറ്റ സന്തോഷ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

സ്വകാര്യ ആശുപത്രിയില്‍ ന്യൂറോ ഐ.സി.യു.വില്‍ കഴിയുന്ന സന്തോഷിന്റെ തലയിലെ ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ല.

തലയുടെ ഇടതുവശത്ത് നെറ്റിക്ക് അടിയേറ്റ സന്തോഷിന് തലയോടിന് പൊട്ടലുണ്ട്. ഞായറാഴ്ച വീണ്ടും സ്‌കാന്‍ ചെയ്തശേഷം ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ നടത്തേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരന്‍ ജോസ് ഫെലിക്‌സ് പറഞ്ഞു. സന്തോഷിന് സംസാരിക്കാന്‍ കഴിയുന്നില്ല. ഇടതുചെവിയുടെ കേള്‍വിശക്തി നശിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നത്.

കൊല്ലം ആശ്രാമം ലിങ്ക് റോഡില്‍ വാഹനപരിശോധയ്ക്കിടെയാണ് ഹെല്‍മെറ്റ് ധരിക്കാതെവന്ന അഞ്ചുകല്ലുംമൂട് ഹെര്‍ക്കുലീസില്‍ സന്തോഷ് ഫെലിക്‌സി(34)നെ പോലീസുകാരന്‍ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് ചില പൊലീസുകാര്‍ ആവശ്യപ്പെട്ടെന്നും സന്തോഷിന്റെ പിതാവ് ഫെലിക്‌സ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എആര്‍ ക്യാംപിലെ പൊലീസുകാരനായ മാഷ് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കുട്ടിയുമായി ബൈക്കില്‍ പോകുകയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷിനെ, വാഹന പരിശോധനക്കിടെ ട്രാഫിക് സിവില്‍ പൊലീസ് ഓഫീസറായ മാഷ് ദാസ് വയര്‍ലെസ് സെറ്റ് കൊണ്ടു അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് റോഡില്‍ വീണ സന്തോഷിന്റെ തല പൊട്ടിയിരുന്നു. സംഭവം നടന്നയുടന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപെട്ടു.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സ്ഥലത്ത് തടഞ്ഞു വെച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

Top