Kollam paravoor temple tragerdy

കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

രാജ്യത്തെ ഞെട്ടിച്ച വെടിക്കെട്ടപകടത്തില്‍ ഇതിനകം തന്നെ നൂറ്റിയഞ്ചു പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നൂറുകണക്കിന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.

അനുമതിയില്ലാതെ വെടിക്കെട്ട് നടക്കുന്നതായി വ്യക്തമായിരുന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന ലോക്കല്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതിനാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷമാണ് വെടിക്കെട്ട് നടത്തിയതെന്ന വിവരവും ഇതിനകം പുറത്തായിട്ടുണ്ട്.

വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ വെടിക്കെട്ടിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ദുരന്തത്തിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. തുടര്‍ന്ന് ജില്ലാഭരണകൂടം മല്‍സരവെടിക്കെട്ടിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തില്‍ വന്‍തോതില്‍ കരിമരുന്നു ശേഖരിച്ചത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഉല്‍സവക്കമ്മിറ്റി ഭാരവാഹികളോട് നിര്‍ദേശിച്ചിരുന്നു. അവര്‍ വെടിക്കെട്ട് കരാറുകാര്‍ക്ക് വെടിക്കെട്ടു നിര്‍ത്താന്‍ നിര്‍ദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായതത്രെ.

രാത്രി 12 മണിക്ക് വെടിക്കെട്ട് തുടങ്ങുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിട്ടും നടപടി സ്വീകരിക്കാതെ അപകടത്തിന് തൊട്ടുമുമ്പ് ഇടപെട്ടുവെന്നു പറയുന്നതിലുമുണ്ട് ദുരൂഹത. ഉന്നതതല അന്വേഷണം മുറുകിയാല്‍ പോലീസിനു മേല്‍ സ്വാധീനം ചെലുത്തിയ ‘ഉന്നതനും’ കുരുങ്ങാനാണ് സാധ്യത.

നിലവില്‍ കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍,രണ്ട് മക്കള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അറസ്റ്റ് ഉടനെയുണ്ടാകും. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും, അനധികൃതമായി സ്‌ഫോടക വസ്തു ശേഖരിച്ചതിനുമാണ് കേസ്.

കരാറുകാരന്റെ മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ സുരേന്ദ്രന്‍ മരിച്ചതായാണ് ലഭിക്കുന്ന സൂചന.

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങല്‍ ദേവീക്ഷേത്രം. വര്‍ഷങ്ങളായി ഇവിടെ മല്‍സരവെടിക്കെട്ടു നടക്കാറുണ്ട്.

കമ്പപ്പുരയില്‍നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്കു കൊണ്ടുപോകുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്നുപേരുള്ള ഒരുതരം അമിട്ട് ലക്ഷ്യംതെറ്റി വീഴുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ അമിട്ടിന്റെ ചീളുകള്‍ വീണ് കമ്പപ്പുരയ്ക്ക് തീപിടിച്ച് തുടര്‍സ്‌ഫോടനങ്ങളുണ്ടായി. സമീപത്തെ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചീളുകളും മറ്റും തെറിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഉപദേവതാ ക്ഷേത്രങ്ങള്‍ക്കും സമീപത്തെ മുപ്പതോളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

വെടിക്കെട്ടിനായി ശേഖരിച്ചിരുന്ന സാമഗ്രികളുടെ തൊണ്ണൂറു ശതമാനവും ദുരന്തത്തിനു മുന്‍പുതന്നെ കത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ട് കാണാനെത്തിയവരില്‍ നല്ലൊരു ശതമാനവും പുലര്‍ച്ചയോടെ മടങ്ങുകയും ചെയ്തിരുന്നു. അല്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും ഏറുമായിരുന്നു.

Top