കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ ഓച്ചിറ സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഓച്ചിറ വലിയകുളങ്ങരയില്‍ താമസിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശികളായ കുടുംബത്തിലെ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി പത്തരയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പിതാവിനെ മര്‍ദിച്ചശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഇന്ന് രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.

ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്.

Top