കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപനവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ആര്‍ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച എംപിയാണ് പ്രേമചന്ദ്രന്‍. അദ്ദേഹം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

2014ല്‍ പ്രേമചന്ദ്രനെതിരെ ഒരു പദപ്രയോഗമാണ് നടത്തിയതെങ്കില്‍ 2019 ല്‍ മറ്റൊരു തന്ത്രമായിരുന്നു. ഇപ്പോള്‍ ഒന്നും പറയാനില്ലാത്തതിനാല്‍ പഴയ തന്ത്രം പൊടിതട്ടി എടുക്കുകയാണ്. എന്‍.കെ പ്രേമചന്ദ്രനെതിരെ പല അപവാദങ്ങളും പ്രചരിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റവും മറ്റു പ്രാരാബ്ദങ്ങളും വര്‍ധിച്ച സാഹചര്യമാണുള്ളത്.

കേരളത്തില്‍ ധാര്‍മികതയുടെ അംശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വരുന്നത് ആരോപണങ്ങള്‍ അല്ല. രേഖകളാണ്. അതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള വിധിയെഴുത്തായിരിക്കും പാര്‍ലമെന്റില്‍ ഉണ്ടാവുക. രാജ്യത്തിന് തന്നെ മാതൃകയായാണ് പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചതെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Top