കടയ്ക്കൽ കൊലപാതകം; പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

കൊല്ലം: കടയ്ക്കലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് റിമാന്റ് റിപ്പോര്‍ട്ട് പറയുന്നത്.

കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാന്‍ വിളിച്ച് പറഞ്ഞുവെന്നും രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം കേസിലെ പ്രതി ഷാജഹാന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് സഹോദരന്‍ സുലൈമാന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ജേഷ്ഠന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സുലൈമാന്‍ പറഞ്ഞു.

കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബഷീറിന്റെ കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ബഷീറിന്റെ സഹോദരി പറഞ്ഞത്. തുടര്‍ന്ന്, കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top