കലോത്സവത്തിന് കൊല്ലത്ത്‌ നാളെ തിരിതെളിയും; മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കും

കൊല്ലം : അഞ്ചുനാൾ നീളുന്ന കൗമാരകലയുടെ പൂരത്തിന്‌ കൊല്ലത്ത്‌ വ്യാഴാഴ്‌ച രാവിലെ പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കും. ആശ്രാമം മൈതാനിയിലെ ഒന്നാം വേദയിലാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. ചലച്ചിത്രനടി നിഖില വിമൽ മുഖ്യാതിഥിയാവും. രാവിലെ ഒമ്പതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്‌ ഷാനവാസ്‌ പതാക ഉയർത്തും. തുടർന്ന്‌ ഭിന്നശേഷി കുട്ടികളുടെ വാദ്യമേളം. ഉദ്‌ഘാടന ചടങ്ങിൽ കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗലം കളി അവതരിപ്പിക്കും. സ്വാഗതഗാനത്തിന്‌ ആശാശരത്ത്‌ നൃത്താവിഷ്‌കാരം നൽകും.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്‌ മനുഷ്യസാധ്യമായതെല്ലാം ചെയ്‌തിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപ്പീൽ വഴിയെത്തിയ 331 പേർ ഉൾപ്പെടെ 9571 പ്രതിഭകൾ 239 ഇനങ്ങളിലായി 24 വേദികളിൽ മാറ്റുരയ്‌ക്കും. ഇതിൽ 3969 ആൺകുട്ടികളും 5571 പെൺകുട്ടികളുമാണ്‌. മത്സരാർഥികളും അധ്യാപകരും കാണികളും ഉൾപ്പെടെ ഇരുപതിനായിരത്തോളംപേർ പങ്കുചേരുന്ന കലോത്സവം കൊല്ലത്തിന്റെ മഹോത്സവമായി മാറും. 6000 ചതുരശ്ര അടിയിലാണ്‌ ആശ്രാമം മൈതാനത്തെ പ്രധാനവേദി. ഭക്ഷണ വിതരണത്തിന്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. രജിസ്‌ട്രേഷൻ തുടങ്ങി. മെഡിക്കൽ ടീമിനെ സജ്ജമാക്കി. കോഴിക്കോട്‌ നിന്നും സ്വർണക്കപ്പ്‌ കൊല്ലത്ത്‌ എത്തി. കൊല്ലം റെയിൽവേ സ്‌റ്റേഷനിലും കെഎസ്ആർടിസി ഡിപ്പോയിലും ഹെൽപ്‌ ഡസ്‌ക്‌ പ്രവർത്തിക്കും. ക്രമസമാധാനപാലനത്തിന്‌ പൊലീസ്‌ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. വിധി നിർണയം കുറ്റമറ്റതാക്കാൻ കർശന നടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി വിശിഷ്‌ടാതിഥിയാവും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ എൻ ബാലഗോപാൽ, മന്ത്രി ജെ ചിഞ്ചുറാണി, സ്വാഗതസംഘം വർക്കിങ് ചെയർമാൻ എം മുകേഷ്‌ എംഎൽഎ, മേയർ പ്രസന്ന ഏണസ്‌റ്റ്‌, സിറ്റി പൊലീസ്‌ കമീഷണർ വിവേക്‌ കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌ എന്നിവരും പങ്കെടുത്തു. കലോത്സവത്തിൽ പങ്കെടുക്കുന്ന മൽസരാർഥികളുടെ ആദ്യസംഘം കാസർകോഡ്‌ നിന്ന്‌ ബുധനാഴ്‌ച കൊല്ലത്തെത്തി. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിൽ കലാപ്രതിഭകളെ സ്വീകരിച്ചു.

Top