കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി നരേന്ദ്ര മോദി കേരളത്തിലെത്തി

Narendra Modi

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.

പ്രധാനമന്ത്രി തിരുവനന്തപുരത്തു ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നവീകരണ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ്സ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഏത് സര്‍ക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എംഎല്‍എമാരെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതും ചര്‍ച്ചയായി. ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എംഎല്‍എ എം നൗഷാദിനെയും ചവറയിലെ വിജയന്‍പിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു.

അതേസമയം, നേമത്തെ എംഎല്‍എ ഒ രാജഗോപാലിനെയും ബിജെപി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദത്തിന് തിരികൊളുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം കൊടുത്ത പട്ടിക ഡല്‍ഹിയില്‍ നിന്നും വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്.

Top