കൊല്ലം ബൈപ്പാസ് : ജി.സുധാകരനെയും എന്‍.കെ പ്രേമചന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെയും കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിതിന്‍ ഗഡ്കരി ഈ വകുപ്പ് ഏറ്റെടുത്തതോടെയാണ് കൊല്ലം ബൈപ്പാസിന്റെ ചുവപ്പുനാട അഴിഞ്ഞ് പണം കിട്ടിയതെന്നും പണി ധ്രുതഗതിയില്‍ പൂര്‍ത്തിയായതെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സത്യത്തില്‍ കൊല്ലം ബൈപ്പാസിനെക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാനുള്ള അവകാശം ഈ രണ്ടുമുന്നണികള്‍ക്കുമുണ്ടോ? 1972 ല്‍ അതായത് കൃത്യമായി പറഞ്ഞാല്‍ പണി തുടങ്ങിയിട്ട് 47 വര്‍ഷമായി. സ്ഥലം ഏറ്റെടുപ്പും നിര്‍മ്മാണപ്രവൃത്തിയും നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ ഇവരെയാരെയെങ്കിലും കണ്ടിരുന്നോ? കഴിഞ്ഞ 10 വര്‍ഷത്തെ യു. പി. എ ഭരണകാലത്ത് 8 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും ഒരിഞ്ച് പണി മുന്നോട്ടുനീങ്ങിയില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നിതിന്‍ ഗഡ്കരി ഈ വകുപ്പ് ഏറ്റെടുത്തതോടെയാണ് ചുവപ്പുനാട അഴിഞ്ഞതും പണം കിട്ടിയതും പണി ധൃതഗതിയില്‍ പൂര്‍ത്തിയായതും. ഇതിനു മുന്‍പ് അടല്‍ജിയുടെ കാലത്താണ് കുറെ കാര്യങ്ങള്‍ നടന്നത്. ഈ ഹൈവേയുടെ കാര്യം മാത്രമല്ല കേരളത്തിലെ എല്ലാ നിര്‍മ്മാണത്തിലിരിക്കുന്ന റോഡുകളുടെ കാര്യത്തിലും സ്ഥിതി ഇതു തന്നെ. തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കാന്‍ നടക്കുന്ന സുധാകരനും എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്ന പ്രേമചന്ദ്രനും തമ്മിലുള്ള തര്‍ക്കം കാണുമ്പോള്‍ കൊല്ലത്തുകാര്‍ മൂക്കത്തു കൈവെച്ചുപോവുകയാണ്.

Top