ഭര്‍ത്താവിന്റെ അമ്മയെ തലയ്ക്കടിച്ച് കൊന്ന മരുമകള്‍ അറസ്റ്റില്‍

കൊല്ലം: ഭര്‍തൃമാതാവിനെ പാറക്കല്ല് കണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മരുമകള്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പുത്തൂര്‍ പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം ആമ്പാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യാണു മരിച്ചത്. സംഭവത്തില്‍ മകന്‍ ബിമല്‍കുമാറിന്റെ ഭാര്യ ഗിരിത(40)യെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയുറക്കത്തിന് കിടന്ന ഭര്‍തൃമാതാവിനെ മരുമകള്‍ പാറക്കല്ലു കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടികൂടിയെങ്കിലും വാതിലുകള്‍ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ അടുക്കള വാതില്‍ തല്ലിത്തുറന്ന് അകത്തു കയറിയപ്പോള്‍ തലപൊട്ടി ചോരയില്‍ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രമണിയമ്മ ഇന്ന് മരിക്കുകയായിരുന്നു.

ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളില്‍ നിന്നു പൊലീസ് കണ്ടെടുത്തു. കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നു. ഗിരിതയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പുത്തൂര്‍ എസ് ഐ. ആര്‍.രതീഷ് കുമാര്‍ അറിയിച്ചു.

Top