വില കുത്തനെ കുതിക്കുമ്പോള്‍ കള്ളന്മാര്‍ക്കും പ്രിയം ‘ഉള്ളി’ തന്നെ

കൊല്‍ക്കത്ത: പണത്തിന് പകരം ഉള്ളി മോഷ്ടിച്ച് വ്യത്യസ്തമായ ഒരു മോഷണം. കൊല്‍ക്കത്തയിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ സുതാഹത എന്ന പ്രദേശത്താണ് സംഭവം. സാധാരണ കള്ളന്മാര്‍ പണം മോഷ്ടിക്കാനാണ് കടകളില്‍ കയറുക. എന്നാല്‍ അവശ്യ സാധനങ്ങളുടെ ലഭ്യതയനുസരിച്ചായിരിക്കും കള്ളന്‍മാര്‍ ഇപ്പോള്‍ മോഷണം നടത്തുകയെന്ന് ഇതിലൂടെ മനസ്സിലാക്കാം.

ചൊവ്വാഴ്ച രാവിലെയാണ് അക്ഷയ്ദാസ് എന്ന വ്യാപാരിയുടെ കട കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അക്ഷയ് ആദ്യം പണം സൂക്ഷിച്ചിരുന്ന പെട്ടിയാണ് നോക്കിയത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ പിന്നീടാണ് ഉള്ളി വെച്ചിരുന്ന സ്ഥലം ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടത്. ഏകദേശം അമ്പതിനായിരം രൂപ വിലമതിക്കുന്ന ചാക്ക് കണക്കിന് ഉള്ളിയാണ് കടയില്‍ നിന്ന് മോഷണം പോയത്.

കൂട്ടത്തില്‍ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൊണ്ടുപോയിട്ടുണ്ട്. പണപ്പെട്ടിയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അക്ഷയ്ദാസ് പറഞ്ഞു. ഇപ്പോഴത്തെ ഉള്ളി വില അറിഞ്ഞിട്ടാവണം കള്ളന്‍ ഇങ്ങനെയൊരു മോഷണത്തിന് മുതിര്‍ന്നത്. ഒരു കിലോ ഉള്ളിക്ക് നൂറ് രൂപയാണ് ഇപ്പോള്‍ വില . ഉള്ളിവില റോക്കറ്റിന്റെ വേഗതയിലാണ് കുതിച്ചുയരുന്നത്

Top