കമ്പനിയിലെ ചൈനീസ് നിക്ഷേപം; സൊമാറ്റൊ ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു

കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തുടനീളം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ സൊമാറ്റൊയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം. കമ്പനിയിലെ ചൈനീസ് നിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.

ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹല പൊലീസ് സ്റ്റേഷന് പുറത്ത് തങ്ങള്‍ക്ക് കമ്പനി നല്‍കിയ യൂണിഫോം കത്തിച്ചാണ് ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ പ്രതിഷേധിച്ചത്. ചൈനീസ് ഏജന്റായ സൊമാറ്റൊ ഇന്ത്യ വിടണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ്ണ ബാന്‍ഡ് കൈയില്‍ അണിഞ്ഞായിരുന്നു പ്രതിഷേധം.

‘ചൈനീസ് കമ്പനിയായ ആലിബാബയുമായി സൊമാറ്റൊ പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ സൊമാറ്റൊ വിട്ടു. ഉപഭോക്താക്കള്‍ ഈ കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ പ്രതിഷേധക്കാരിലൊരാളായ ദിപങ്കര്‍ കാഞ്ചിലാല്‍ പറഞ്ഞു.

Top