kolkata port chairman R.S.P Kahlon arrested

കൊല്‍ക്കത്ത: കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.പി.എസ് കഹ്‌ലോണിനെ അജ്ഞാതനായ വ്യക്തിക്ക് ഇരുപത് ലക്ഷം രൂപ കൈമാറുന്നതിനിടയില്‍ അറസ്റ്റ് ചെയ്തു.
ഐ.എ.എസ് ഓഫീസറായ കഹ്‌ലോണ്‍ ഇത്രയും പണം എന്തിനാണ് കൈവശം വച്ചിരുന്നതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ സഹായത്തോടെ കൊല്‍ക്കത്ത പൊലീസിന്റെ ഡിക്ടറ്റീവ് വകുപ്പ് മൂന്നു മാസം മുമ്പാണ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍, അഡിഷ്ണല്‍ കമ്മിഷണര്‍ വിനീത് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങള്‍. ഓസ്‌ട്രേലിയന്‍ ഹവാലാ റാക്കറ്റുമായുള്ള കഹ്‌ലോണിന്റെ ബന്ധത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിലെ മൂന്നു സ്വാധീനമുള്ള ഉദ്യോഗസ്ഥര്‍ കഹ്‌ലോണിനെ പിടികൂടുന്നതിന് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

കൊല്‍ക്കത്ത ഭാരത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍സ് ഡയറക്ടര്‍ ജഗ്താപ് ദത്താജിക്ക് ഒപ്പമാണ് കഹ്‌ലോണിനെ അറസ്റ്റുചെയ്തത്. ഇരുവരെയും മാര്‍ച്ച് 17വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. കഹ്‌ലോണിന്റെ വെയ്റ്ററായിരുന്നു പണം അടങ്ങിയ ബ്രീഫ്‌കേഴ്‌സ് കൊണ്ടു വന്നത്. അയാളാണ് പ്രധാന സാക്ഷി. കഹ്‌ലോണിന്റെ സുരക്ഷാ ഗാര്‍ഡിനും സംഭവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ദത്താജി താമസിച്ചിരുന്ന സ്റ്റാര്‍ ഹോട്ടലില്‍ നിന്നും 11 ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനായി പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുമെന്ന് പൊലീസ് പറഞ്ഞു.

Top