കെ കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊൽക്കത്ത: ചൊവ്വാഴ്ച രാത്രി മരിച്ച പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പോലീസ്. ഇന്നലെ നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്.

കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. കൊൽക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടൽ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് (53). കൊൽക്കത്തയിൽ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. കെ.കെ. എന്നപേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ സി.എം.ആർ.ഐ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്.

പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണർത്തിയ കെ കെ എന്നും ഓർമ്മകളിൽ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.’പൽ’ എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്. സരാ സരാ..( ജന്നത്ത്) ഡോളാരേ.. ഡോളാരേ. (ദേവ്ദാസ്),”തു ജോ മില” (ബജ്രംഗി ഭായ്ജാൻ) തഡപ് തഡപ് (ഹം ദിൽ ദേ ചുകേ സനം), ദസ് ബഹാനെ (ദസ്), ട്യൂൺ മാരി എൻട്രിയാൻ (ഗുണ്ടേ), ”ഗോരി ഗോരി” (മെയിൻ ഹൂ നാ) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Top