സിബിഐക്ക് തിരിച്ചടി നല്‍കി മമത; നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിയില്‍ റെയ്ഡ്

കൊല്‍ക്കത്ത: സിബിഐ മുന്‍ ഇടക്കാല ഡയറക്ടറായിരുന്ന എം.നാഗേശ്വര റാവുവുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളില്‍ കൊല്‍ക്കത്ത പൊലീസിന്റെ റെയ്ഡ്. നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായ അഞ്ജലീന മെര്‍ക്കന്റൈല്‍സ് എന്ന കമ്പനിയിലും കൊല്‍ക്കത്തയിലെ മറ്റൊരിടത്തുമാണ് പരിശോധന. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട്‌നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിക്കെതിരെ നേരത്തെആരോപണമുയര്‍ന്നിരുന്നു.

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശനിയാഴ്ച സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് റെയ്ഡ്. അതേസമയം, കൊല്‍ക്കത്ത പോലീസ് റെയ്ഡ് നടത്തിയ എയ്ഞ്ചല മെര്‍ക്കന്‍ഡൈല്‍സ് എന്ന കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്ന് നാഗേശ്വര റാവു അറിയിച്ചു.

കഴിഞ്ഞ ദിവസം കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ്കുമാറിനെ ചോദ്യംചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കോല്‍ക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും മമത സര്‍ക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുകയാണ്.

Top