പൗരത്വ നിയമ ഭേദഗതിയില്‍ ഹിതപരിശോധന വേണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ നിയമ ഭേദഗതിയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹിതപരിശോധനയില്‍ പരാജയപ്പെട്ടാല്‍ മോദി സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്നും മമത പറഞ്ഞു.

ഹിതപരിശോധന നടത്തേണ്ടത് നിഷ്പക്ഷ സംഘടനകളായ ഐക്യരാഷ്ട്രസഭ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവ പോലുള്ളവയാകണം. അതിലൂടെ എത്രപേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുവെന്ന് മനസ്സിലാക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൗരത്വബില്ലിനെതിരെ ഹൗറ മൈതാനിയില്‍ നിന്ന് ധര്‍മലത വരെയായിരുന്നു മമതയുടെ കൂറ്റന്‍ റാലി. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരായാണ് മമത കൊല്‍ക്കത്തയിലെ മൂന്നാം റാലിയില്‍ കടന്നാക്രമണം നടത്തിയത്.’അമിത് ഷാ, താങ്കള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, വെറുമൊരു ബിജെപി നേതാവ് മാത്രമല്ല. രാജ്യത്ത് ദയവായി സമാധാനം നിലനിര്‍ത്തണം. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം പറയുന്ന നിങ്ങള്‍ അത് പ്രവര്‍ത്തിച്ചില്ല, മറിച്ച് എല്ലാവരുടെയും സര്‍വ്വനാശമാണ് നടത്തുന്നത്. സിഎഎ, എന്‍ആര്‍സി എന്നിവ പിന്‍വലിക്കണം, അല്ലെങ്കില്‍ ഇതൊക്കെ എങ്ങിനെ ഇവിടെ നടപ്പാക്കുമെന്ന് ഞാന്‍ നോക്കും’, മമത റാലിയില്‍ വെല്ലുവിളിച്ചിരുന്നു.

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യം കത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അമിത് ഷാ തയ്യാറാകണം. പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ആരുടെയും പൗരത്വം പോകില്ലെന്ന് പറയുമ്പോള്‍ അവര്‍ നുണ പറയുകയാണ്. നിങ്ങള്‍ കല്ലാണെങ്കില്‍ ഞങ്ങള്‍ ചുണ്ടെലികളാണ്. നിങ്ങളെ കഷ്ണങ്ങളാക്കി കടിച്ച് മുറിച്ചുകളയും. വെറുതെ പേടിപ്പിക്കരുത്, മമതാ ബാനര്‍ജി ആഞ്ഞടിച്ചിരുന്നു.

Top