ഐപിഎല്‍: പരിശീലകനായി ബ്രണ്ടന്‍ മക്കല്ലത്തെ നിയമിച്ചു

കൊല്‍ക്കത്ത: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലത്തെ നിയമിച്ചു. മുന്‍ ന്യൂസിലന്‍ഡ് താരമായ ബ്രണ്ടന്‍ മക്കല്ലം ജാക്വിസ് കാലിസിന്റെ പകരക്കാരനായാണ് ചുമതലയേല്‍ക്കുക.

കാലിസ് പരിശീലിപ്പിച്ച കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താനായിരുന്നില്ല. തുടര്‍ന്നാണ് കാലിസിനെ പരിശീലകസ്ഥാനത്തുനിന്ന് കൊല്‍ക്കത്ത മാറ്റിയത്. മക്കല്ലം കൊല്‍ക്കത്തയുടെ സഹപരിശീലകനാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപ്രതീക്ഷിതമായി മക്കല്ലത്തെ മുഖ്യ പരിശീലകനായി ടീം മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു.

അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ചേക്കേറിയ മക്കല്ലം ദിവസങ്ങള്‍ക്കു മുന്‍പാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയുടെ പരിശീലകനാകാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്ന് മക്കല്ലം പ്രതികരിച്ചു. ഐപിഎല്ലിലും സിപിഎല്ലിലും മികച്ച പേരുള്ള ഫ്രാഞ്ചൈസിയാണിത്. രണ്ട് ടീമിലും മികവുറ്റ കളിക്കാരുമുണ്ട്. പരിശീലകനെന്ന നിലയില്‍ കൂടുതല്‍ വിജയങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മക്കല്ലം വ്യക്തമാക്കി.

Top