Koliyur murder case; Kerala police got torrents of congratulations

തിരുവനന്തപുരം : അന്വേഷണ മികവില്‍ രാജ്യത്തെ കരുത്തുറ്റ പൊലീസ് സേന തന്നെയാണ് കേരളമെന്ന് തെളിയിച്ച് തലസ്ഥാന പൊലീസ്.

നാടിനെ ഞെട്ടിച്ച കോളിയൂര്‍ കൊലപാതകത്തില്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാന്‍ കഴിഞ്ഞത് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ നീക്കത്തിനൊടുവിലാണ്.

ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ വിക്രം ഫോര്‍ട്ട് അസി.കമ്മീഷണര്‍ സുധാകരന്‍ പിള്ള എന്നിവര്‍ ഉള്‍പ്പെട്ട ടീമില്‍ വിഴിഞ്ഞം തീരദേശ സ്റ്റേഷന്‍, നേമം സി.ഐ മാരും കോവളം ഉള്‍പ്പെടെ സമീപ സ്റ്റേഷനുകളിലെ എസ്.ഐ മാരും ഷാഡോ പൊലീസും ഉള്‍പ്പെടെ അന്‍പതോളം വരുന്ന മിടുക്കരായ സംഘവുമുണ്ടായിരുന്നു.

പല മേഖലകളിലായി ചെറു സംഘങ്ങളായി തിരഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.

ആര്‍ക്കും മുന്‍വിധി ലഭിക്കാത്ത രൂപത്തില്‍ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ പറ്റുമോ എന്ന കാര്യത്തില്‍ പൊതുസമൂഹത്തിനിടയില്‍ മാത്രമല്ല പൊലീസിനുള്ളില്‍പോലും സംശയങ്ങളുണ്ടായിരുന്നു.

കൊല്ലപ്പെട്ട മരിയദാസന് മറ്റാരുമായും ശത്രുത ഇല്ലാത്തതും വഴിവിട്ട ബന്ധങ്ങളും മറ്റും ഇല്ലാത്തതും അസ്വാഭാവികമായി കൊല നടന്നിടത്ത് നിന്ന് ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതും അന്വേഷണ സംഘത്തിന് തുടക്കത്തില്‍ തന്നെ വെല്ലുവിളിയായിരുന്നു.

ഇതിനിടെ പൊലീസിന് ലഭിച്ച ഒരു തുമ്പ് സംഭവത്തിലെ മുഖ്യപ്രതിയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത പ്രതിയുടെ സഹോദരനുമായി തിരുനെല്‍വേലിക്ക് പുറപ്പെട്ട പൊലീസ് സംഘം അവിടെ പ്രശസ്തമായ തിരുട്ടു ഗ്രാമത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രതിയേയും കൂടെയുള്ള സ്ത്രീയേയും പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരപ്രകാരം നടത്തിയ നീക്കത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമനും പിടിയിലായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പൊലീസ് ഓപ്പറേഷന്‍.

സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പെട്ടെന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിനിടയ്ക്ക് അന്വേഷണ സംഘത്തിലെ മറ്റൊരു ടീമിന് പ്രതികള്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായതും കേസില്‍ നിര്‍ണ്ണായകമായി.

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടാന്‍ വൈകിയതും തെളിവുകള്‍ നഷ്ടപ്പെട്ടതുമെല്ലാം കോളിയൂര്‍ കേസില്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സജീവമായ ഇടപെടലാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതും പ്രതികളെ കുരുക്കാന്‍ വഴിയൊരുക്കിയതും.

നിയമസഭ നടന്നുകൊണ്ടിരിക്കെ നാടിനെ ഞെട്ടിച്ച കൊലപാതകം ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്ന് ഭയപ്പെട്ടിരുന്ന സര്‍ക്കാരിനും പോലീസ് പ്രതികളെ പിടികൂടിയത് വലിയ ആശ്വാസമായി.

ജൂലയ് ഏഴിന് രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കോവളം കോളിയൂര്‍ സ്വദേശി മേരി ദാസനെ (45) പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . ഭാര്യ ഷീജ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതി ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളത്.

മരിയദാസിന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു. ഷീജയുടെ കഴുത്ത് അറുത്ത നിലയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ രാവിലെ എഴുന്നേറ്റപ്പോഴാണ് മരിച്ച് കിടക്കുന്ന അച്ഛനെയും വെട്ടേറ്റ് കിടക്കുന്ന അമ്മയെയും കണ്ടത്.

മരിയദാസിന്റെ അയല്‍വീട്ടില്‍ ഒരു വര്‍ഷത്തോളം പ്രതി വാടകയ്ക്ക് താമസിച്ചിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും ഒളിച്ച് താമസിക്കുന്ന ഇയാള്‍ക്ക് തിരുനെല്‍വേലിയില്‍ സ്വന്തമായൊരു വീടുണ്ട്. പാറശാലയിലെ വീട്ടില്‍ നിന്ന് രാത്രിയില്‍ കൂട്ടാളിയുമെത്താണ് കോളിയൂരിലെത്തി ഇവര്‍ കൃത്യം നടത്തിയത്. സംഭവത്തിനുശേഷം തെളിവുകളൊന്നും അവശേഷിപ്പിക്കാതെ മടങ്ങിയ സംഘം പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു.

മരിയദാസിന്റെ അയല്‍പക്കത്ത് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. മര്യദാസിന്റെ വീടുമായി ഇവര്‍ക്ക് ചെറിയ അടുപ്പമുണ്ടായിരുന്നു. ഇതിനിടെ മരിയദാസിന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കളവുപോയി. ദിവസങ്ങള്‍ക്കുശേഷം വാടകവീട്ടില്‍ നിന്ന് മര്യദാസിന്റെ മക്കള്‍ ഫോണ്‍ കണ്ടെത്തി. വീട് വൃത്തിയാക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഫോണ്‍ ലഭിച്ചത്.

ഇതിനിടെ വീട്ടിനുള്ളില്‍ നിന്ന് സ്‌ക്രൂഡ്രൈവറുകളും വളഞ്ഞ കമ്പികളും മോഷണത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെത്തി. കുട്ടികള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ സമീപത്തെ ചില കടകളില്‍ മോഷണം നടന്ന വിവരവും മറ്റും വീട്ടുകാര്‍ ഓര്‍ത്തെടുക്കുകയും സംഭവം രഹസ്യമായി പൊലീസിനെയും മറ്റും അറിയിക്കുകയും ചെയ്യുകയായിരുന്നു.

മോഷണവുമായി ബന്ധപ്പെട്ട് പല സ്ഥലത്തും തമ്പടിക്കുന്ന പ്രകൃതക്കാരനായ പ്രതി ഒരു സ്ത്രീയ്ക്കും കുട്ടിക്കുമൊപ്പമായിരുന്നു മരിയദാസിന്റെ അയലത്ത് താമസിച്ചിരുന്നത്. വീട്ടുവഴക്കിനെ തുടര്‍ന്ന് കുട്ടിയെ കഴുത്തില്‍ കയറിട്ടുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സ്ത്രീ മരിയദാസിനോടും ഷീജയോടും പറഞ്ഞിരുന്നു.

ഈ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതോടെ സ്ഥലം വിട്ട പ്രധാന പ്രതിക്ക് ഇക്കാര്യങ്ങളില്‍ മരിയദാസിനോടും ഭാര്യയോടുമുണ്ടായ പകയും ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രതികളെ പിടികൂടി പൊലീസിന്റെ അന്തസ് ഉയര്‍ത്തിയതിന് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് സേനക്കകത്തും പൊതുസമൂഹത്തിനിടയിലും വന്‍ കൈയ്യടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Top