സൂക്ഷ്മ വൈറസുകളെ നശിപ്പിക്കാന്‍ ടോര്‍ച്ചുമായി വിദ്യാര്‍ത്ഥികള്‍; ചുക്കാന്‍പിടിച്ചത് പിതാവ്

മുംബൈ: വൈറസുകളെ നശിപ്പിക്കാന്‍ കഴിയുന്ന അള്‍ട്രാ വയലറ്റ് ടോര്‍ച്ച് കണ്ടെത്തി അധ്യാപകനും മക്കളും. ഔറംഗബാദ് സ്വദേശികളായ അനികേത് സഹോദരി പൂനം എന്നിവരാണ് പിതാവിന്റെ മേല്‍നോട്ടത്തില്‍ അണുനാശക ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ടോര്‍ച്ച് പോലെ തോന്നുന്ന ഈ ഉപകരണത്തിന് ചെറിയ വസ്തുക്കളെ അണുവിമുക്തമാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം. മൊബൈല്‍ ഫോണുകള്‍, കീബോര്‍ഡുകള്‍, വാതില്‍ പിടികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഈ ഉപകരണമുപയോഗിച്ച് വൈറസ് വിമുക്തമാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ പിതാവ് ഡോ ആര്‍ ജി സോനക് വാഡെയുടെ സഹായത്തോടെയാണ് ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. 16-33 വാട്ട്‌സ് ലൈറ്റുകള്‍ ഉപയോഗിച്ചാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനമെന്ന് ഉന്നത് സാങ്കേതിക വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് നിര്‍മ്മാണം.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്നും ഡോ സോനക് വാഡെ വിശദമാക്കുന്നു. കൊലാപൂരിലെ ശിവാജി സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് സോനക് വാഡെ.അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയേഷന്‍ പ്രവര്‍ത്തനം ഒരു തരത്തിലും ഭക്ഷണ പദാര്‍ത്ഥത്തെ ബാധിക്കില്ലെന്നാണ് ഇവര്‍ വിശദമാക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷണങ്ങളില്‍ ഭക്ഷണത്തിലൂടെ പടരുന്ന അണുക്കളെ പ്രകാശ രശ്മികള്‍ ഉപയോഗിച്ച് പ്രതിരോധിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഔറംഗബാദിലെ ദീന്‍ ദയാല്‍ ഉപാധ്യായ് കൌശല്യ കേന്ദ്രയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനികേത്. പൂനെയിലെ ആഭാസാഹേബ് ഗാര്‍വാരെ കോളേജിലെ രണ്ടാംവര്‍ഷ മൈക്രോ ബയോളജി വദ്യാര്‍ഥിനിയാണ് പൂനം.

Top