കൊളവള്ളിയില്‍ ഇന്നും കടുവയെ കണ്ടെത്താനായില്ല; തെരച്ചില്‍ തല്‍ക്കാലം നിര്‍ത്തി

വയനാട്: കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നത്തേയ്ക്ക് അവസാനിപ്പിച്ചു. കടുവയെ കണ്ടെത്താനാകാത്തതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. കടുവയെ കണ്ടെത്തിയ ശേഷം മയക്കുവെടി വെയ്ക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി വെറ്റിനറി സര്‍ജന്‍മാരുടെ സംഘവും കൊളവള്ളിയിലെത്തിയിട്ടുണ്ട്. അതേസമയം, കടുവ ഇന്നലെ ആക്രമിച്ച ചെതലയം റേഞ്ചര്‍ ശശികുമാര്‍ ഇപ്പോഴും സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് തെരച്ചിലിനായി കൂടുതല്‍ വനപാലകര്‍ കൊളവള്ളിയില്‍ എത്തിയിരുന്നു. രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സിസിഎഫിന്റെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തില്‍ മുന്നൂറിലധികം വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് തെരച്ചിലില്‍ ജനങ്ങളെ പങ്കെടുപ്പിച്ചില്ല.

കൊളവള്ളി മേഖലയിലെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നത്. കടുവയുടെ അക്രമം ഭയന്നാണ് കഴിഞ്ഞ നാല് ദിവസമായി കൊളവള്ളിയിലെയും പരിസരപ്രദേശങ്ങളിലേയും നാട്ടുകാര്‍ കഴിയുന്നത്. പുല്‍പ്പള്ളി കബനി തീരത്തെ കോളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ കടുവയെ കണ്ടെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് റെയ്ഞ്ചര്‍ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കടുവയെ തുരത്താനെത്തിയത്. നാട്ടുകാരുടെ കൂടി സഹകരണത്തോടെ തുരത്താന്‍ ശ്രമിക്കുന്നിനിടെയാണ് പതുങ്ങിയിരുന്ന കടുവ ശശികുമാറിനെ ആക്രമിച്ചത്. മറ്റു വനപാലകരും നാട്ടുകാരും ബഹളം വെച്ചതിനാല്‍ കടുവ ഓടി രക്ഷപെട്ടു.

Top