Kokila S Kumar’s death; Beaten vehicle founded sanghparivar

കൊല്ലം: കോര്‍പ്പറേഷനിലെ യുവ കൗണ്‍സിലറും ബിജെപിയുടെ ‘തീപ്പൊരി’യുമായ കോകിലയെ ഇടിച്ച് തെറിപ്പിച്ച വാഹനം കണ്ടെത്തിയത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍.

ഉത്രാട ദിനത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് രാത്രി 10.30ന് പിതാവുമൊത്ത് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് കോകിലയെയും പിതാവ് സുനില്‍കുമാറിനെയും വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്ന് കളഞ്ഞത്.

വിവരമറിഞ്ഞ് പൊലീസെത്തും മുന്‍പ് തന്നെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനത്തിനായി പരക്കം പായുകയായിരുന്നു. അപകടം വരുത്തിയ വാഹനത്തില്‍ നിന്ന് കരി ഓയില്‍ ലീക്ക് ചെയ്തിരുന്നതിനാല്‍ ഇത് നോക്കിയായിരുന്നു പിന്‍തുടരല്‍.

ഒടുവില്‍ രാമന്‍കുളങ്ങരക്കടുത്ത് ഒരു വീട്ടില്‍ വച്ച് വാഹനം കണ്ടെത്തുകയായിരുന്നു. വാഹന ഉടമയല്ല മറിച്ച് വാഹനം വാടകക്ക് കൊണ്ട് പോയ വ്യക്തിയാണ് അപകടമുണ്ടാക്കിയതെന്ന് പിന്നീട് വ്യക്തമായി.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പിന്‍തുടര്‍ന്നെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമയെ ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മരുത്തടി സ്വദേശി അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപകടം ഉണ്ടായ ഉടനെ അഖില്‍ ഒളിവില്‍ പോയത് സംഭവ സമയത്ത് മദ്യപിച്ചതായി പരിശോധനയില്‍ തെളിയാതിരിക്കുന്നതിനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

എന്നാല്‍ ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അടക്കമുള്ള നേതാക്കള്‍ സംശയിക്കുന്നത് യാഥാര്‍ത്ഥ പ്രതി തന്നെയാണോ പിടിയിലായത് എന്നതാണ്. വാഹനത്തില്‍ മറ്റ് പലരും ഉണ്ടായിരുന്നതായ ദൃക്‌സാക്ഷി വിവരണങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ പൊലീസിന്റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും മുഖവിലക്കെടുക്കാതെ സ്വന്തം നിലക്ക് തന്നെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

യഥാര്‍ത്ഥ പ്രതികളെ പിടികൂടിയെന്ന് ഉറപ്പ് വരുത്തിയിട്ടേ വിശ്രമമുള്ളുവെന്നാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ തീരുമാനം.

പൊലീസാകട്ടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വൈകാരികമായി പ്രതികരിക്കുമെന്നതിനാല്‍ ഈ മേഖലയില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

വാഹനമിടിച്ച ആഘാതത്തില്‍ അന്‍പത് മീറ്റര്‍ അകലേക്ക് തെറിച്ച് വീണ കോകിലയുടെ തല സ്ലാബില്‍ ഇടിച്ചതാണ് മരണത്തിനിടയാക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവ് സുനില്‍കുമാര്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മരണപ്പെട്ടത്.

കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയാണ് 22 വയസ്സുകാരിയായ കോകില.

കൊല്ലം എസ്എന്‍ വനിതാ കോളേജില്‍ ഇക്കണോമിക്‌സ് ബിരുദം നേടിയ ശേഷം ബിഎഡും കരസ്ഥമാക്കിയിരുന്നു.

മികച്ച ഒരു പ്രാസംഗിക കൂടിയായ കോകില പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധിക കൂടിയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകയായ ഷീബ രാമചന്ദ്രന്‍ മോദിയെ വിമര്‍ശിച്ചിടുന്ന പോസ്റ്റുകള്‍ക്ക് തീഷ്ണമായി പ്രതികരിച്ച കോകിലയെ അനുസ്മരിച്ച് ഷീബ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചുവടെ…

റന്നുയരും മുന്‍പ് പിടഞ്ഞു വീണ കോകിലയ്ക്ക് ആദരാഞ്ജലികള്‍:ഈ കുട്ടിയെ നേരിട്ട് കണ്ടിട്ടില്ല…പരിചയമില്ല….ഇവിടെ സോഷ്യല്‍ മീഡിയയിലൂടെ ചുരുക്കം ചില ഇടപെടലുകള്‍.അതാകട്ടെ മോദിയെ വിമര്‍ശിച്ച് ഞാനിടുന്ന പോസ്റ്റുകള്‍ക്ക് മാത്രം തീഷ്ണ മറുപടിയുമായി അവള്‍ എത്തുമായിരുന്നു.

അടുത്തിടെ നഗ്‌ന സന്യാസിയുടെ മുന്നില്‍ നമിച്ചു നില്‍ക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രത്തെ ഞാന്‍ പരിഹസിച്ചിട്ട പോസ്റ്റ് കണ്ടിട്ട്…’ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോട്ടാ സഹിതം പരിഹസിക്കാന്‍ മാത്രം ചേച്ചി അത്ര വല്യ സംഭവമാണോ?ചേച്ചി ആരാന്നാ ചേച്ചീടെ വിചാരം? എന്ന അവളുടെ ചോദ്യത്തിന് ‘ഞാനൊരുമായിക്കൊള്ളട്ടെ…അത് ചോദിക്കാന്‍ താങ്കളാരാണാവോ?’ എന്ന എന്റെ മറുചോദ്യത്തിന് ആ കുട്ടി മറുപടി തന്നില്ല.

ആശയപരമായി വിരുദ്ധ ചേരിയിലാണെങ്കിലും ചെറു പ്രായത്തിലേ തന്നെ കൗണ്‍സിലര്‍ പദവി വരെ എത്തിയ …ചുറു ചുറുക്കും..കാര്യപ്രാപ്തിയുമുള്ള നിന്നില്‍ ഞാനന്നേ ഒരു കേന്ദ്രമന്ത്രിയെ കണ്ടിരുന്നൂ എന്ന സത്യം ഇനിയെങ്കിലും ഞാനൊന്ന് ഇവിടെ തുറന്ന് പറഞ്ഞോട്ടെ കുഞ്ഞേ… വേദനയോടെ വിട……

Top