ഭിന്നശേഷിക്കാരനായ ആരാധകന് കോഹ്‌ലിയുടെ സമ്മാനം: വീ‍‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ആരാധകന് ജഴ്സി സമ്മാനിക്കുന്ന വീരാട് കോഹ്‌ലിയുടെ വീ‍‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ ആരാധകന് സമ്മാനം നൽകുകയാണ് വീഡിയോയിൽ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് പിന്നാലെയാണ് തന്നെ കാണാൻ എത്തിയ ആരാധകന് കോഹ്‌ലി സമ്മാനം നൽകിയത്.

ബയോ ബബിൾ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ആരാധകന് സമീപമെത്തി ജഴ്സി നൽകാൻ കാണിച്ച നല്ല മനസ്സിന് കയ്യടിക്കുകയാണ് ആരാധകർ. ധരംവീർ പാൽ എന്ന ആരാധകനാണ് കോഹ്‌ലി ജഴ്‌സി സമ്മാനമായി നൽകിയത്.

മൊഹാലിയിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം ടീം അഗംങ്ങൾക്കൊപ്പം ടീം ബസിൽ കേറാൻ പോകുന്നതിനിടയിലാണ് കോഹ്‌ലി തന്നെ വിളിക്കുന്ന ആരാധകനെ കണ്ടത്. ഉടൻ ഭിന്നശേഷിക്കാരനായ ധരംവീറിന് സമീപമെത്തി ജേഴ്‌സി നൽകി തിരികെ ബസിൽ കയറുകയായിരുന്നു താരം.

ധരംവീർ തന്നെയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.“എന്റെ ജീവിതത്തിലെ വലിയ ദിനമാണ് ഇന്ന്. നൂറാം മത്സരത്തിന് ശേഷം കോഹ്‌ലി എനിക്ക് ഒരു ടി ഷർട്ട് സമ്മാനം തന്നു” വീഡിയോ പങ്കുവച്ച് ധരംവീർ ട്വിറ്ററിൽ കുറിച്ചു.

കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരമായിരുന്നു മൊഹാലിയിൽ നടന്നത്. 45 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. എന്നാൽ ടെസ്റ്റ് കരിയറിൽ 8000 റൺസ് പൂർത്തിയാക്കാൻ കൊഹ്‌ലിക്കായി. മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ഇന്നിങ്സിന്റെയും 222 റൺസിന്റെയും ആധികാരിക ജയം സ്വന്തമാക്കി.

Top