ഷമിയെ പിന്തുണച്ചതിന് കോഹ്‌ലിയുടെ മകള്‍ക്കെതിരെ ബലാത്‌സംഗ ഭീഷണി, എന്‍ജിനീയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മകള്‍ക്കെതിരെ ഓണ്‍ലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രാംനാഗേഷ് അലിബതിനിയെയാണ് മുംബൈ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലാണ് ഇയാള്‍ ജോലിചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യാജ പേര് നല്‍കിയ രാംനാഗേഷ് പാകിസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പൊലീസ് ഹൈദരാബാദാണ് ഉറവിടമെന്ന് കണ്ടെത്തുകയും രാംനാഗേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് എതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഷമിക്കെതിരായ പ്രചാരണത്തെ അപലപിച്ചും താരത്തിന് പിന്തുണ നല്‍കിയും മുന്‍ ഇന്ത്യന്‍ താരങ്ങളും ബി.സി.സി.ഐയും രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഷമിയെ പിന്തുണച്ച് രംഗത്ത് എത്തി. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്‌ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കോഹ്‌ലിക്ക് നേരെയും അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. ഒപ്പം കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയേയും 10 മാസം പ്രായമുള്ള മകള്‍ക്കെതിരെയും ഇവര്‍ ഭീഷണി ഉയര്‍ത്തുകയായിരുന്നു. കോഹ്‌ലിയുടെ മകള്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്ത് ഡല്‍ഹി പൊലീസിന് നോട്ടീസയച്ചിരുന്നു

Top