ബാബറിന് നന്ദി പറഞ്ഞ് കോലി

12 വര്‍ഷത്തിലേറെ നീണ്ട ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ താരം വിരാട് കോലി ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2019 നവംബര്‍ 23-ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം കോലിയ്ക്ക് ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ടില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കോലിയുടെ ഫോം മെച്ചപ്പെടുന്നില്ല. കളിച്ച രണ്ട് ട്വന്റി 20-കളിലും കോലി പരാജയമായിരുന്നു. 1, 11 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പിന്നാലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടാനായത് 16 റണ്‍സും.

കരിയറിലെ ഈ വിഷമഘട്ടത്തില്‍ കോലിക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും അക്കൂട്ടത്തിലുണ്ടായിരുന്നു. ‘ഇതും കടന്നുപോകും, കരുത്തനായിരിക്കൂ’ എന്നായിരുന്നു കോലിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ബാബര്‍ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ ബാബറിന്റെ ട്വീറ്റിന് കോലി മറുപടി നല്‍കിയിരിക്കുകയാണ്.

‘നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു’ എന്നാണ് കോലി, ബാബറിന് മറുപടിയായി ട്വീറ്റ് ചെയ്തത്. കോലിയുടെ മറുപടി വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Top