ഗംഭീര പ്രകടനത്തിന്റെ കരുത്തില്‍ സച്ചിന്റെ റെക്കോഡ് മറികടന്ന് കോലി

ചെന്നൈ: 2023 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ആരാധകര്‍ക്ക് വലിയൊരു വിരുന്നാണ് സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വലിയ തകര്‍ച്ചയാണ് തുടക്കത്തില്‍ നേരിട്ടത്. എന്നാല്‍ സൂപ്പര്‍ താരം വിരാട് കോലിയുടെയും കെ.എല്‍.രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തില്‍ രാഹുല്‍ 97 റണ്‍സും കോലി 85 റണ്‍സും നേടി.

ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ് പൊസിഷനിലല്ലാതെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം എന്ന റെക്കോഡും കോലി സ്വന്തമാക്കി. മൂന്നാം നമ്പറിലിറങ്ങി 11000 റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡും കോലി ഈ മത്സരത്തിലൂടെ സ്വന്തം പേരില്‍ കുറിച്ചു. മത്സരത്തില്‍ ക്ഷമയോടെ ബാറ്റുവീശിയ കോലി 116 പന്തുകള്‍ നേരിട്ടാണ് 85 റണ്‍സെടുത്തത്. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ 165 റണ്‍സിന്റെ കൂട്ടുകെട്ടും കോലി പടുത്തുയര്‍ത്തി. ഇന്ത്യ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായ സമയത്താണ് കോലിയും രാഹുലും ഒന്നിച്ചത്. കോലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 167-ല്‍ എത്തിയിരുന്നു. ഇന്ത്യയ്ക്ക് വിജയമുറപ്പിച്ച ശേഷമാണ് കോലി ക്രീസ് വിട്ടത്.

ഓസീസിനെതിരേ 85 റണ്‍സ് നേടിയതോടെ നിരവധി റെക്കോഡുകളാണ് കോലി സ്വന്തമാക്കിയത്. അതില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോഡും കോലി മറികടന്നു. ഐ.സി.സി പരിമിത ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്.

 

 

Top