കൊഹ്‌ലിക്ക് വിശ്രമം : നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

ദുബായ് : ഏഷ്യാകപ്പിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ച ബിസിസിഐ നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനാണ് പരാതി നല്‍കിയത്. എന്നാല്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ, ബ്രോഡ്കാസ്റ്റര്‍മാരോ ഇടപെടേണ്ടന്ന ശക്തമായ മറുപടിയാണ് ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കിയത്.

കൊഹ്‌ലിയുടെ അഭാവം ടൂര്‍ണമെന്റിന്റെ സാമ്പത്തിക വശങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് സ്റ്റാര്‍സ്‌പോര്‍ട്‌സ് കഴിഞ്ഞ ദിവസമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ഇ മെയിലായി പരാതി നല്‍കിയത്. ഏഷ്യാ കപ്പ് തുടങ്ങാന്‍ 15 ദിവസം മാത്രം ബാക്കിയിരിക്കെ ആണ് കൊഹ്‌ലിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ബിസിസിഐ പ്രഖ്യാപിച്ചത്. ഇത് ടൂര്‍ണമെന്റിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും, തങ്ങളെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയാണെന്നും സ്റ്റാര്‍സ്‌പോര്‍ട്‌സ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ടൂര്‍ണമെന്റിന് ഒന്നാം നിര ടീമിനെ തന്നെ അയക്കണമെന്ന് മീഡിയ റൈറ്റ്‌സ് കരാറില്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സ്റ്റാര്‍ വ്യക്തമാക്കി. എന്നാല്‍ ടീം സെലക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ബിസിസിഐയുടെ മാത്രം അവകാശമാണെന്നും, അതില്‍ ഇടപെടേണ്ടെന്നുമാണ് ബിസിസിഐ സി ഇ ഒ രാഹുല്‍ ജോഹ്‌റി മറുപടി നല്‍കിയത്.

ടൂര്‍ണമെന്റില്‍ ഏതെങ്കിലും പ്രത്യേക കളിക്കാരനെ കളിപ്പിക്കണമെന്ന് പറയാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോ, ബ്രോഡ്കാസ്റ്റര്‍മാര്‍ക്കോ അവകാശമില്ലെന്നും രാഹുല്‍ ജോഹ്‌റി വ്യക്തമാക്കി. മൂന്ന് മാസം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിനുശേഷം തിരിച്ചെത്തിയതിനാലാണ് കൊഹ്‌ലിക്ക് സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിച്ചത്. കൊഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

Top