കേരളത്തിലേത് നടുക്കുന്ന സംഭവമെന്ന് കോലി; മൃഗങ്ങളോട് അല്‍പം കരുണകാണിക്കാമായിരുന്നു

ന്യൂഡല്‍ഹി: കേരളത്തിലേത് നടുക്കുന്ന സംഭവമായിരുന്നുവെന്നും മൃഗങ്ങളോട് അല്‍പം കൂടി സ്‌നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പൈനാപ്പിളില്‍ നിറച്ച സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിലാണ് രൂക്ഷമായി പ്രതികരിച്ച് കോലി രംഗത്തെത്തിയത്.

ആനം ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുമ്പ് ചരിഞ്ഞത്. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായിരുന്നു.

അമ്പലപ്പാറ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി കൃഷിയിടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്. നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Top