ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പലപ്പോഴും തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് കോലി

ബാറ്റിംഗ് ഫോമിലേക്ക് തിരിച്ചു വരാൻ കഴിയാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് വിരാട് കോലി. ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പലപ്പോഴും പഴയ ആക്രമണോത്സുകത കാണിക്കാന്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും കോലി സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ഫോമിനെത്തുടര്‍ന്ന് രണ്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന കോലി ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് താന്‍ ക്രിക്കറ്റ് ബാറ്റ് കൈ കൊണ്ട് തൊടാതെ ഒരു മാസത്തോളം ഇരിക്കുന്നതെന്ന് കോലി പറഞ്ഞു.

മാനസികമായി ഞാന്‍ തളര്‍ന്നിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് നാണക്കേടൊന്നുമില്ല. കളിക്കളത്തില്‍ പലപ്പോഴും പഴയ അക്രമണോത്സുകത ഉണ്ടെന്ന് ഞാന്‍ അഭിനയിക്കുകയായിരുന്നുവെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നത്, എനിക്ക് പഴയ തീവ്രതയോടെ കളിക്കാനാവുന്നുണ്ട് എന്നായിരുന്നു. എന്നാല്‍ അത് തെറ്റായിരുന്നു. എനിക്ക് മത്സരങ്ങളെ ശരിക്കും പഴയ അതേ തീവ്രതയോടെ സമീപിക്കാനായിരുന്നില്ല. ശരീരം പറയുന്നത്, നിര്‍ത്തൂ, കുറച്ചു വിശ്രമമെടുക്കു എന്നായിരുന്നു.

ഇത് സാധാരണമാണ്. പക്ഷെ നമ്മള്‍ പലപ്പോഴും ഇത് തിരിച്ചറിയുകയും തിരിച്ചറിഞ്ഞാല്‍ തന്നെ പുറത്തു പറയുകയോ ഇല്ല. കാരണം, നമ്മള്‍ മാനസികമായി ദുര്‍ബലനാണെന്ന് പുറത്ത് അറിയുന്നത് നമ്മള്‍ ഇഷ്ടപ്പടുന്നില്ല. എന്നെ വിശ്വസിക്കു, ഗ്രൗണ്ടില്‍ അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് നമ്മള്‍ ദുര്‍ബലനാണെന്ന് അംഗീകരിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മാനസികമായി വളരേയേറെ കരുത്തുള്ള വ്യക്തിയായാണ് ഞാന്‍ എന്നെ സ്വയം കണ്ടിരുന്നത്. അങ്ങനെ ആയിരുന്നു ഞാന്‍. പക്ഷെ എല്ലാറ്റിനും ഒരു പരിധിയുണ്ട്. അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ഇല്ലെങ്കില്‍ അത് നമ്മളെ മോശമായി ബാധിക്കും. ഈ ഇടവേള എന്നെ പലകാര്യങ്ങളും പഠിപ്പിച്ചു. എന്നിലുള്ള പല കാര്യങ്ങളും എന്റെ മനസില്‍ പൊന്തില്‍ വന്നു. അതിന് ഞാനിതുവരെ അനുവദിച്ചിരുന്നില്ല. അത് ഞാന്‍ സ്വീകരിക്കുന്നു. ടീമിന്റെ ജയത്തിനായി അവസാന ശ്വാസം വരെ പോരാടുക എന്നത് മാത്രമാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും കോലി പറഞ്ഞു.

2019നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ഐപിഎല്ലിലും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലും ഏകദിന, ടി20 പരമ്പരകളിലും നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് എടുത്തത്.

Top