‘കളിക്കുന്നില്ലെങ്കില്‍ കോഹ്ലി ഒരുപക്ഷേ ഐപിഎല്ലിലും കളിച്ചേക്കില്ല’: സുനില്‍ ഗവാസ്‌കര്‍

റാഞ്ചി: വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി കളിക്കുമോയെന്ന ചോദ്യവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുന്ന കോഹ്ലിക്ക് റണ്‍സിനായി വിശപ്പുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ഗാവസ്‌കറിന്റെ മറുപടി. ‘അവന്‍ കളിക്കുമോ. എന്തെങ്കിലും കാരണത്താല്‍ അവന്‍ കളിക്കുന്നില്ലെങ്കില്‍ ഒരുപക്ഷേ ഐപിഎല്ലിലും കളിച്ചേക്കില്ല’ എന്നായിരുന്നു ഗാവസ്‌കറിന്റെ മറുപടി. റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു സുനില്‍ ഗാവസ്‌കര്‍. മാര്‍ച്ച് 22ന് ചെപ്പോക്കില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായാണ് കോഹ്ലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. നേരത്തെ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടായിരുന്നു കോഹ്ലി ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും വിട്ടു നിന്നത്.

തന്റെ പ്രിയപ്പെട്ട കളിക്കാരനായ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു. ‘ഞാനും അവന്റെ ഒരു വലിയ ആരാധകനാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അവന്‍ മുമ്പത്തെപ്പോലെ ആരോഗ്യവാനായിരിക്കണം അങ്ങനെ അയാള്‍ക്ക് വന്ന് ഞങ്ങളെ രസിപ്പിക്കാന്‍ കഴിണം’ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. പരിക്കില്‍ നിന്നും തിരിച്ചുവരുന്ന പന്തിന്റെ ബാറ്റിങിന് ഒഴുക്ക് കിട്ടിന്‍ കുറച്ച് സമയം എടുക്കുമെന്ന് അഭിപ്രായപ്പെട്ട ഗാവസ്‌കര്‍ അദ്ദേഹം പരിശീലനം ആരംഭിച്ചത് നല്ലതാണെന്നും ചൂണ്ടിക്കാണിച്ചു. പൂര്‍ണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍സി പന്തിനെ ഏല്‍പ്പിക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തന്റെ പ്രിയപ്പെട്ട ടീമുകളാണെന്ന് പ്രഖ്യാപിച്ച ഗവാസ്‌കര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കറുത്ത കുതിരയാകുമെന്നും അഭിപ്രായപ്പെട്ടു.

ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ നീക്കത്തെയും ഗവാസ്‌കര്‍ അഭിനന്ദിച്ചു. ടീമിനെ നയിക്കാനുള്ള അധിക ഉത്തരവാദിത്തമില്ലാതെ രോഹിത് ശര്‍മ്മയ്ക്ക് സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്നായിരുന്നു ഗാവസ്‌കറിന്റെ പ്രതികരണം. ഇത് മറ്റ് കളിക്കാരെ കുറിച്ച് ആകുലപ്പെടാതെ കളിക്കാനുള്ള സ്വാതന്ത്ര്യം രോഹിത്തിന് നല്‍കുമെന്നും അത് മുംബൈ ഇന്ത്യന്‍സിന് ഗുണകരമാകുമെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ധ്രുവ് ജുറല്‍ ഈ ഐപിഎല്ലിലെ സൂപ്പര്‍സ്റ്റാറാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന് ശേഷം ജൂറലിന് സൂപ്പര്‍ സ്റ്റാറാകാം എന്നായിരുന്നു ഗാവസ്‌കറിന്റെ പ്രതികരണം. ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങിയ ആകാശ് ദീപിന് പോലും ആര്‍സിബിയില്‍ കൂടുതല്‍ അവസരം കിട്ടും. കഴിഞ്ഞ സീസണില്‍ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ട ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റിന്റെ റോളിലേയ്ക്ക് വരാനും ആകാശ് ദീപിന് കഴിയുമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സ് നേടിയതിനു പിന്നാലെ ധ്രുവ് ജുറേലിനെ എം എസ് ധോണിയോട് ഉപമിച്ച് ഗാവസ്‌കര്‍ രംഗത്തെത്തിയിരുന്നു. ധ്രുവിന്റെ മനസ്സാന്നിധ്യം കാണുമ്പോള്‍ അടുത്ത എം എസ് ധോണി വരുന്നുവെന്നാണ് തോന്നുന്നതെന്നായിരുന്നു നേരത്തെ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടത്.

Top