ഐസിസി ഏകദിന റാങ്കിംഗ് രോഹിത്തിനെ പിന്തള്ളി കോലി

ദുബായ്: ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറി വിരാട് കോലി. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റാങ്കിംഗില്‍ എട്ടാം സ്ഥാനത്തായിരുന്ന കോലി പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രോഹിത് എട്ടാം സ്ഥാനത്തായി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്.

ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മൂന്ന് സ്ഥാനം ഉയര്‍ന്ന് മൂന്നാമത് എത്തിയപ്പോള്‍ സഹതാരം ഹെന്റി ക്ലാസന്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തുണ്ട്. ഡേവിഡ് വാര്‍ണര്‍ ആണ് അഞ്ചാമത്. അയര്‍ലന്‍ഡ് താരം ഹാരി ടെക്ടര്‍ ഏഴാമതും രോഹിത് എട്ടാമതുമുള്ള റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല. ബൗളിംഗ് റാങ്കിംഗില് ജോഷ് ഹേസല്‍വുഡ് ഒന്നാമതും രണ്ട് റേറ്റിംഗ് പോയന്റുളുടെ വ്യത്യാസത്തില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടാമതുമാണ്.

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ബാബറിന് ആറ് റേറ്റിംഗ് പോയന്റ് പിന്നിലായി രണ്ടാം സ്ഥാനത്ത് തന്നെയാണ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനാവാതിരുന്ന ഗില്ലിന് പിന്നീട് കളിച്ച മൂന്ന് കളികളില്‍ ഒരു അര്‍ധസെഞ്ചുറിയെ നേടാനായുള്ളു. ബാബറാകട്ടെ തുടക്കത്തില്‍ തിളങ്ങിയില്ലെങ്കിലും അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. കഴിഞ്ഞ റാങ്കിംഗില്‍ ബാബറുമായി 18 റേറ്റിംഗ് പോയന്റുകളുടെ വ്യത്യാസമുണ്ടായിരുന്നത് പുതിയ റാങ്കിംഗില്‍ ഗില്‍ ആറ് പോയന്റായി കുറച്ചിട്ടുണ്ട്.

 

Top