ഏകദിനത്തില്‍ കോഹ്ലിയ്ക്കിത് 42-ാം സെഞ്ചുറി; ഭാവി നേട്ടങ്ങള്‍ കൂടി പ്രവചിച്ച് വസീം ജാഫര്‍

മുംബൈ: വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി ക്രിക്കറ്റ് ആരാധകരെ ഒരിക്കല്‍ കൂടി അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഏകദിനത്തിലെ 42-ാം സെഞ്ചുറി നേടിയ കോഹ്ലി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിലേക്കാണ് അടുക്കുന്നത്.

കോഹ്ലിയെ അഭിനന്ദിച്ച് ഒരുപാടു പേര്‍ രംഗത്തെത്തിയെങ്കിലും അവരില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. 42ാം സെഞ്ചുറി കുറിച്ച കോഹ്ലിയെ അഭിനന്ദിക്കുന്നതിനൊപ്പം ഏകദിനത്തില്‍ കോഹ്ലി എത്ര സെഞ്ചുറി നേടുമെന്ന് കൂടി ജാഫര്‍ പ്രവചിച്ചു.

ഏകദിനത്തില്‍ ഇനിയും നീണ്ട വര്‍ഷങ്ങള്‍ കളിക്കാന്‍ സാധ്യതയുള്ള കോഹ്ലി, വിരമിക്കുന്നതിനു മുന്‍പായി 75 മുതല്‍ 80 സെഞ്ചുറികള്‍ വരെ നേടുമെന്നാണ് ജാഫറിന്റെ പ്രവചനം. ’11 ഇന്നിങ്‌സുകള്‍ക്കു ശേഷം സാധാരണ സര്‍വീസ് പുനഃരാരംഭിച്ചിരിക്കുന്നു. അതായത്, കോഹ്ലിക്ക് മറ്റൊരു രാജ്യാന്തര സെഞ്ചുറി കൂടി. ഏകദിനത്തില്‍ കോഹ്ലി 7,580 സെഞ്ചുറികള്‍ നേടുമെന്നാണ് എന്റെ പ്രവചനം’ എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്.

Top