ലോകക്രിക്കറ്റില്‍ മികച്ച ബാറ്റ്‌സ്മാന്‍ കൊഹ്‌ലിയെന്ന് പാക്കിസ്ഥാന്‍ പേസര്‍ ആമീര്‍

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ ആരാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെന്ന മറുപടിയുമായി പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമീര്‍.

ആരാധകരുമായി ട്വിറ്ററിലൂടെ നടത്തിയ സംവാദത്തിലാണ് കൊഹ്‌ലിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ ബൗളറെത്തിയത്.

നിലവിലുള്ള കളിക്കാരില്‍ പ്രതിഭകളെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ റൂട്ട്, വില്യംസണ്‍, സ്മിത്ത്, കൊഹ്‌ലി ഇവരില്‍ ആരാണ് മികച്ച താരമെന്ന മറ്റൊരു ചോദ്യത്തിന് വ്യക്തിപരമായി താന്‍ കൊഹ്‌ലിക്കൊപ്പമാണെന്ന മറുപടിയാണ് ആമീര്‍ നല്‍കിയത്.

കളിക്കളത്തിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്കപ്പുറം ആമീറും കൊഹ്‌ലിയും വ്യക്തിപരമായി മികച്ച സൗഹൃദം പങ്കുവയ്ക്കുന്നവരാണ്.

കോഴ വിവാദ വിലക്കിന് ശേഷം ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തിയ ആമീറിനെ സ്വാഗതം ചെയ്ത കൊഹ്‌ലിയുടെ ട്വീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു.

ആമീറിനെ വീണ്ടും കളിപ്പിക്കുന്നതിനെതിരെ ശക്തമായ വികാരം വളരുന്നതിനിടെയായിരുന്നു പരസ്യ പിന്തുണയുമായി കൊഹ്‌ലി രംഗത്തെത്തിയത്.

Top