രാജ്യാന്തര ട്വന്റി- 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡുമായി കോഹ്‌ലി

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തോടെ രാജ്യാന്തര ട്വന്റി- 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് താരം മറികടന്നിരിക്കുന്നത്. മത്സരത്തില്‍ 52 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്സുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്ന കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഇതോടെ 71 ട്വന്റി- 20 മത്സരങ്ങളില്‍ നിന്നായി കോഹ്‌ലി 2,441 റണ്‍സാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. 50.85 ശരാശരിയിലാണ് താരത്തിന്റെ റണ്‍വേട്ട. രാജ്യാന്തര ട്വന്റി- 20യില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ലാത്ത കോഹ്‌ലിയുടെ അക്കൗണ്ടില്‍ 22 അര്‍ധ സെഞ്ചുറികളുണ്ട്. 97 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ 2,434 റണ്‍സുമായി രണ്ടാമതുണ്ട്. 32.45 റണ്‍ ശരാശരിയിലാണ് രോഹിത്തിന്റെ പ്രകടനം. രാജ്യാന്തര ട്വന്റി 20-യില്‍ നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

മാത്രമല്ല, 22 അര്‍ധ സെഞ്ചുറികളോടെ രാജ്യാന്തര ട്വന്റി- 20യില്‍ കൂടുതല്‍ തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന മറ്റൊരു റെക്കോഡും കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്. രോഹിത്തിനെ മറികടന്നു തന്നെയാണ് ഈ റെക്കോര്‍ഡും താരം നേടിയിരിക്കുന്നത്.

Top