ടെയ്‌ലര്‍ക്ക് പിന്നാലെ കോലിയും

വിരാട് കോലിയുടെ നൂറാം അന്താരാഷ്ട്ര ട്വന്റി 20 മത്സരമാണ് ഇന്ന് പാകിസ്ഥാനെതിരെ നടക്കുക. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാവും. ന്യൂസിലന്‍ഡിന്റെ റോസ് ടൈലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റില്‍ 27 സെഞ്ച്വറികളോടെ 8074 റണ്‍സും 262 ഏകദിനത്തില്‍ 43 സെഞ്ചുറികളോടെ 12344 റണ്‍സും 99 ട്വന്റി 20യില്‍ 30 അര്‍ധസെഞ്ച്വറിയോടെ 3308 റണ്‍സും നേടിയിട്ടുണ്ട്.

അതേസമയം, കോലിയുടെ തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലാണ് താരം അവസാനമായി കളിച്ചത്. ശേഷം വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. വിശ്രമമെടുത്ത് തിരിച്ചെത്തുന്ന കോലി ഫോമിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ കോലി തിരിച്ചെത്തേണ്ടത് ഇന്ത്യന്‍ ടീമിന്റെ മൊത്തം ആവശ്യമാണ്.

Top