വീണ്ടും കൊഹ്ലിയുടെ സെഞ്ച്വറി;ആറ് വിക്കറ്റ് ജയവുമായ് ഇന്ത്യ

virat-kohli

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് ജയവുമായ് ഇന്ത്യ. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ആറ് വിക്കറ്റ് ജയത്തോടെ ഇന്ത്യ മുന്നേറിയത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ സഖ്യം 47 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. 32 റണ്‍സ് ധവാന്‍ പുറത്തായി, പിന്നാലെ രോഹിത്തിനെ കൂട്ടുപിടിച്ച് കൊഹ്‌ലി 54 റണ്‍സ് നേടുകയായിരുന്നു. 43 റണ്‍സ് നേടിയ രോഹിത് മടങ്ങിയതോടെ എത്തിയ അമ്പാട്ടി റായിഡുവും നായകന് ഉറച്ച പിന്തുണ നല്‍കി. റായിഡു കൊഹ്‌ലി സഖ്യവും 59 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്.

24 റണ്‍സുമായി റായിഡു മടങ്ങിയ ശേഷമാണ് ധോണി എത്തുന്നത്. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കി നായകന്‍ മടങ്ങിയെങ്കിലും ധോണി പോരാട്ടം തുടര്‍ന്നു. ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് ഇന്ത്യയെ അവസാന ഓവറില്‍ ധോണി ലക്ഷ്യത്തിലെത്തിച്ചു.

54 പന്തില്‍ രണ്ടു സിക്‌സറുകള്‍ മാത്രം പറത്തിയ ധോണി 55 റണ്‍സോടെ പുറത്താകാതെ നിന്നു. കാര്‍ത്തിക്ക് 14 പന്തില്‍ 25 റണ്‍സ് നേടി. സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച കിംഗ് കോഹ്ലി ഒരിക്കല്‍ കൂടി കളിയിലെ താരമായി.

Top