ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നായകനും

ധാക്ക: ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) സംഘടിപ്പിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കോഹ്ലിയും. ലോക ഇലവനെ നേരിടുന്ന ഏഷ്യന്‍ ഇലവനിലാണ് കോലിയെ ഉള്‍പ്പെടുത്തിയത്. മൂന്നു ട്വന്റി20 മത്സരങ്ങളില്‍ ഒരെണ്ണത്തിലാണ് കോലി കളിക്കുകയെന്നാണ് സൂചന. അതേസമയം, കോലിയുടെ പങ്കാളിത്തം ബിസിസിഐയുടെ സ്ഥിരീകരണത്തിന് അനുസൃതമായിരിക്കുമെന്ന് ബിസിബി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലേസിയാണ് ലോക ഇലവനെ നയിക്കുന്നത്.

ഏഷ്യന്‍ ഇലവനില്‍ വിരാട് കോലിക്കു പുറമെ ഇന്ത്യയില്‍നിന്ന് ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, പേസ് ബോളര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുമുണ്ട്. മാര്‍ച്ച് 18 മുതല്‍ 22 വരെയുള്ള സമയത്താണ് മൂന്നു ട്വന്റി20കള്‍ അരങ്ങേറുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് നാലോ അഞ്ചോ താരങ്ങളെ വിട്ടുനില്‍കുന്നതില്‍ വിഷമമുണ്ടാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഏഷ്യന്‍ ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമെ ബംഗ്ലദേശ് താരങ്ങളായ മുസ്താഫിസുര്‍ റഹ്മാന്‍, തമീം ഇക്ബാല്‍, മുഷ്ഫിഖുര്‍ റഹിം, ലിട്ടണ്‍ ദാസ്, ശ്രീലങ്കയില്‍നിന്ന് ലസിത് മലിംഗ, തിസാര പെരേര, അഫ്ഗാനിസ്ഥാനില്‍നിന്ന് മുജീബുര്‍ റഹ്മാന്‍, റാഷിദ് ഖാന്‍, നേപ്പാള്‍ താരം സന്ദീപ് ലാമിച്ചനെ എന്നിവരാണുള്ളത്.

ഫാഫ് ഡുപ്ലേസി നയിക്കുന്ന ലോക ഇലവനില്‍ വിന്‍ഡീസ് സൂപ്പര്‍താരങ്ങളായ ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍, നിക്കോളാസ് പുരാന്‍, ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എന്‍ഗിഡി, സിംബാബ്വെ താരം ബ്രണ്ടന്‍ ടെയ്‌ലര്‍, ഇംഗ്ലണ്ട് താരങ്ങളായ അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍‌സ്റ്റോ, ആദില്‍ റഷീദ്, ഓസീസ് താരങ്ങളായ ആന്‍ഡ്രൂ ടൈ, മിച്ചല്‍ മക്ലീനഘന്‍ എന്നിവരുണ്ട്.

Top