കളി തകര്‍ത്തു…! എന്നാലും ഞങ്ങളോട് വേണ്ടായിരുന്നു; ധോണിയോട് കോഹ് ലി

koli_doni

ബെംഗളൂരു: ധോണിയെ അഭിനന്ദിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ് ലി. അദ്ദേഹം നന്നായി കളിക്കുന്നുണ്ടെന്നും അതില്‍ സന്തോഷിക്കുന്നുവെന്നും വിരാട് പറഞ്ഞു.

‘അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. നന്നായി കളിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ഞങ്ങളോടായി പോയെന്ന് മാത്രം. അത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ സീസണില്‍ അദ്ദേഹം നന്നായി കളിക്കുന്നുണ്ട്,” വിരാട് പറഞ്ഞു.

ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ട് കയറി കളിക്കുന്നതില്‍ ധോണി ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും തുറന്നു കളിക്കാന്‍ സാധിക്കുന്നുണ്ടെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. അതേസമയം, തങ്ങളുടെ പരാജയത്തിന്റെ കാരണം ബൗളിങ്ങിലെ പാളിച്ചയാണെന്നും കോഹ്ലി പറഞ്ഞു.

വിമര്‍ശകരുടെ വായടപ്പിക്കുന്നാതായിരുന്നു എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും ബാറ്റിങ് മികവാണ് പടുക്കൂറ്റന്‍ സ്‌കോര്‍ മറി കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഹായിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്സും ഒരു ഫോറുമായി 70 റണ്‍സെടുത്ത ധോണി കളിക്കളത്തില്‍ നിറഞ്ഞാടുകയായിരുന്നു.

Top