കോടിയേരിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം; സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പിബി

ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുന്നതിലും സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ നിര്‍ദേശം. കോടിയേരി ബാലകൃഷ്ണന്‍ നേതൃസ്ഥാനത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കെയാണ് പി.ബി തീരുമാനം. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നാണ് പി ബിയുടെ നിലപാട്.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്റെ ജയില്‍വാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തി. ഇടതുമുന്നണി കണ്‍വീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയാണ് സിപിഎം സാഹചര്യത്തെ നേരിട്ടത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതുമാണ് കോടിയേരിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. സംസ്ഥാനത്ത് തന്നെ തീരുമാനമെടുത്തശേഷം അറിയിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയതോടെ കോടിയേരി വിഷയം പിബിയില്‍ വിശദമായി ചര്‍ച്ച ചെയ്തില്ല. സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി, സ്ഥാനത്ത് മടങ്ങിയെത്തുന്നതില്‍ കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പൊന്നുമില്ലെന്ന് ഇതിലൂടെ വ്യക്തം. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റില്‍ കോടിയേരി ചുമതയേറ്റെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top